പ്രതിയുടെ നിലവിളി പുലര്‍ച്ചെ കേട്ടിരുന്നു; നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ രാജ്കുമാര്‍ മൂന്നാം മുറ നേരിട്ടെന്നു നാട്ടുകാരന്റെയും സഹതടവുകാരന്റെയും വെളിപ്പെടുത്തല്‍

single-img
28 June 2019

നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ രാജ്കുമാര്‍ മൂന്നാം മുറ നേരിട്ടെന്നു നാട്ടുകാരന്റെ വെളിപ്പെടുത്തല്‍. 13ന് പുലര്‍ച്ചെ അഞ്ചുമണിക്ക് കൊല്ലപ്പെട്ട രാജ്കുമാറിന്റെ നിലവിളി കേട്ടിരുന്നെന്നാണ് നാട്ടുകാരന്‍ വെളിപ്പെടുത്തിയത്. അതേസമയം രാജ്കുമാറിനെ ജയിലിലേക്ക് കൊണ്ടു വന്നത് സ്ട്രക്ച്ചറില്‍ ആണെന്നും മരിച്ച ശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും രാജ്കുമാറിന്റെ സഹതടവുകാരന്‍ സുനില്‍ പറഞ്ഞു.

അവശനിലയിലാണ് രാജ്കുമാറിനെ ജയിലിലേക്ക് കൊണ്ടുവന്നത്. ജയിലില്‍ വച്ചും രാജ്കുമാറിനെ പൊലീസുകാര്‍ മര്‍ദ്ദിച്ചു. ജയില്‍ ഉദ്യോഗസ്ഥര്‍ തെറി പറഞ്ഞു. ജയിലിലുണ്ടായിരുന്ന മൂന്നു ദിവസവും ഒരു തുള്ളി വെള്ളം പോലും രാജ്കുമാര്‍ കുടിച്ചില്ല. നെഞ്ചു വേദന എടുക്കുന്നുണ്ടെന്ന് കരഞ്ഞു പറഞ്ഞെങ്കിലും ഉദ്യോഗസ്ഥര്‍ തിരിഞ്ഞു നോക്കിയില്ലെന്നും സുനില്‍ ആരോപിച്ചു. മറ്റൊരു കേസില്‍ റിമാന്‍ഡിലായിരുന്ന സുനില്‍ വ്യാഴാഴ്ച ആണ് ജാമ്യത്തില്‍ ഇറങ്ങിയത്.

പീരുമേട് പൊലീസ് കസ്റ്റഡിയില്‍ മരിച്ച പ്രതി രാജ്കുമാറിനെ പിടിച്ചത് പൊലീസുകാരല്ലെന്ന ദൃക്‌സാക്ഷി ആലീസ് തോമസിന്റെ മൊഴി പൊലീസിനെ പ്രതിരോധത്തിലാക്കിയിരുന്നു. നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടിയ പ്രതിയെ പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. 12ാം തീയതി മൂന്നുമണിക്കാണ് രാജ്കുമാറിനെ പിടിച്ചത്. പൊലീസില്‍ ഏല്‍പിക്കുമ്പോള്‍ കുമാര്‍ ആരോഗ്യവാനായിരുന്നുവെന്നും ആലീസ് വെളിപ്പെടുത്തി.

12ാം തിയതി രാജ്കുമാറിനെ അറസ്റ്റുചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്ന ദൃശ്യങ്ങള്‍ സ്റ്റേഷനിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍ മര്‍ദനത്തിന് ശേഷം മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടില്ല. സിസിടിവി ഓഫ് ചെയ്തതാണോ എന്ന സംശയം ബലപ്പെട്ട സാഹചര്യത്തിലാണ് ആലീസിന്റെ വെളിപ്പെടുത്തലും പുറത്തു വന്നത്. അവശനിലയിലാണ് രാജ്കുമാറിനെ ആശുപത്രിയില്‍ എത്തിച്ചതെന്നു ഡോക്ടറും മൊഴി നല്‍കിയിരുന്നു.

അതിനിടെ, പീരുമേട് റിമാന്‍ഡ് പ്രതിയുടെ കൊലപാതകം അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന് രൂപം നല്‍കി. കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി കെ.എം.സാബു മാത്യുവിന്റെ നേതൃത്വത്തില്‍ ആണ് അന്വേഷണം. കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി കെ.എം.സാബു മാത്യുവിന്റെ നേരിട്ടുളള മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തുന്നതിന് ഏഴംഗ സംഘത്തിനാണ് രൂപം നല്‍കിയത്.

അന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് 10 ദിവസത്തിനകം നല്‍കാനും ക്രൈം ബ്രാഞ്ച് എഡിജിപി നിര്‍ദ്ദേശിച്ചു. ഇതിനിടെ കൊല്ലപ്പെട്ട രാജ്കുമാറിന്റെ കോലാഹലമേട്ടിലെ വീട്ടിലും, പീരുമേട് സബ് ജയിലിലും, പ്രതി മരിച്ച പീരുമേട് ആശുപത്രിയിലുമെത്തി ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗര്‍വാള്‍ വിവരങ്ങള്‍ ശേഖരിച്ചു.