പാരീസ് നഗരത്തില്‍ 50 ലക്ഷത്തോളം കാറുകൾക്ക് നിരോധനം; ലംഘിച്ചാല്‍ ഉടമസ്ഥര്‍ അടയ്ക്കേണ്ടത് അയ്യായിരത്തിലേറെ രൂപ

single-img
28 June 2019

പാരിസ് നഗരത്തില്‍ 60 ശതമാനത്തോളം വരുന്ന കാര്യക്ഷമത കുറഞ്ഞതും പഴയതുമായ ഏകദേശം 50 ലക്ഷത്തോളം കാറുകൾ ഓടിക്കാൻ പാടില്ലെന്ന് ഉത്തരവ്. പാരീസും 79 ഓളം സമീപ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന എ86 റിംഗ് റോഡിലേക്ക് നിരോധനപ്രകാരം കാറുകൾ പ്രവേശിക്കാൻ പാടില്ല. രാജ്യത്തെ താപനില അനിയന്ത്രിതമായി ഉയർന്നതിന് പിന്നാലെയാണ് ഫ്രാന്‍സ് പാരീസ് നഗരത്തിൽ ഇങ്ങിനെയൊരു തീരുമാനം പ്രഖ്യാപിച്ചത്.

ഇന്ന് മാത്രം 45.1 ഡിഗ്രി സെൽഷ്യസായിരുന്നു ഫ്രാൻസിലെ ഉയർന്ന താപനില. അടുത്തമാസം ഒന്നാം തിയതി മുതല്‍ 2001 നും2005നും ഇടയില്‍ രജിസ്റ്റർ ചെയ്ത ഡീസൽ കാറുകൾക്ക് നിരോധനം ബാധകമാകും. അതോടൊപ്പം 2006 നും 2009 നും ഇടയിൽ രജിസ്റ്റർ ചെയ്ത ട്രെക്കുകളും നിരോധിക്കപ്പെടും.

പുതിയ തീരുമാന പ്രകാരം ഹൈഡ്രജൻ കാറുകളും ഇലക്ട്രിക് കാറുകളും മാത്രമായിരിക്കും നിറത്തില്‍ ഓടുക. നിരോധനം മറികടന്ന് പിടിക്കപ്പെടുന്ന കാറുകളുടെ ഉടമസ്ഥർ അടയ്‌ക്കേണ്ട പിഴ 68 യൂറോയാണ്. ഇന്ത്യന്‍ കറന്‍സിയില്‍ 5340 രൂപയിലേറെയാണ് ഈ തുക. അതേപോലെ വാനുകൾക്ക് 138 യൂറോയാണ് പിഴയായി നിശ്ചയിച്ചിരിക്കുന്നത്. ഫ്രാന്‍സിലെ വാഹന ഉടമകൾ ഈ നിർദ്ദേശത്തിനെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. കാറുകള്‍ ഉപയോഗിക്കുന്നത് മാത്രമല്ല അന്തരീക്ഷ താപനില വർദ്ധിക്കുന്നതെന്നും ചൂട് കൂടാനുള്ള യഥാർത്ഥ കാരണങ്ങൾക്ക് മേലാണ് നിയന്ത്രണം വേണ്ടതെന്നുമാണ് കാറുടമസ്ഥരുടെ വാദം.