അതും നെഹ്രു: കശ്മീർ നഷ്ടമാക്കിയത് നെഹ്രുവെന്ന് അമിത് ഷാ

single-img
28 June 2019

രാജ്യത്തെ വിഭജിച്ചത് മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‍റുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വിഭജനം ജവഹർലാൽ നെഹ്‍റു ഏകപക്ഷീയമായി എടുത്ത തീരുമാനമാണെന്നും രാജ്യത്തെ അന്നത്തെ ആഭ്യന്തരമന്ത്രിയെപ്പോലും വിശ്വാസത്തിലെടുക്കാതെയാണ് നെഹ്‍റു രാജ്യം വിഭജിക്കാൻ തീരുമാനിച്ചതെന്നും അമിത് ഷാ ആരോപിച്ചു.

അങ്ങനെ പാകിസ്ഥാന് കശ്മീരിന്‍റെ മൂന്നിലൊന്ന് ഭാഗം തീറെഴുതിക്കൊടുക്കുകയായിരുന്നു നെഹ്‍റുവെന്നും അമിത് ഷാ ആരോപിച്ചു. ജമ്മു കശ്മീരിൽ രാഷ്ട്രപതിഭരണം നീട്ടാനുള്ള ബില്ലിന്‍റെ ചർച്ചക്കിടെയാണ് നെഹ്‍റുവിനെതിരെ അമിത് ഷായുടെ ആരോപണം.

“ജമ്മു കശ്മീർ ഇന്ത്യയിലാണെന്ന ഒരു സൂചന പോലും ഇല്ലാത്ത ഒരു കാലം ഉണ്ടായിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ‘ഇന്ത്യ’ എന്ന ഭാഗം മറച്ചാണ് കശ്മീരിൽ പ്രവർത്തിച്ചിരുന്നത്. ബിജെപി നേതാക്കളായ മുരളീ മനോഹർ ജോഷിയും നരേന്ദ്ര മോദിയും ജീവൻ പണയപ്പെടുത്തിയാണ് ലാൽ ചൗക്കിൽ ത്രിവർണ പതാക ഉയർത്തിയത്. അന്ന് ഞങ്ങൾ അധികാരത്തിലുണ്ടായിരുന്നില്ല. ഇന്ത്യക്കെതിരായി പ്രവർത്തിക്കുന്നവർക്കാണ് ഉള്ളിൽ ഭയം. ഞങ്ങൾക്ക് അതില്ല.”

അമിത് ഷാ പറഞ്ഞു. കശ്മീര്‍ സംവരണ ഭേദഗതി ബില്ലിനൊപ്പം ജമ്മു കശ്മീരിലെ രാഷ്ട്രപതി ഭരണം ആറുമാസം കൂടി നീട്ടാനുള്ള പ്രമേയവും അമിത് ഷാ ലോക്‌സഭയില്‍ അവതരിപ്പിക്കുകയായിരുന്നു. 

രണ്ടിനെതിരെയും കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കോണ്‍ഗ്രസിന് വേണ്ടി സംസാരിച്ച മനീഷ് തിവാരി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. കോണ്‍ഗ്രസ് മുന്‍കാലങ്ങളില്‍ ഭരണത്തിലുണ്ടായിരുന്നപ്പോള്‍ ജമ്മു കശ്മീരില്‍ ഇത്രയധികം ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് മനീഷ് തിവാരി പറഞ്ഞു.

കോണ്‍ഗ്രസ്- എന്‍സി സര്‍ക്കാരിന്റെ കാലത്ത് കശ്മീരില്‍ തിരഞ്ഞെടുപ്പുകള്‍ നടന്നിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എത്രയും പെട്ടന്ന് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടത്തണമെന്നും പിഡിപി- ബിജെപി സഖ്യ സര്‍ക്കാരാണ് ഈ പ്രശ്ങ്ങള്‍ക്കെല്ലാം ഉത്തരവാദികളെന്നുമാണ് കോണ്‍ഗ്രസ് നിലപാടടുത്തത്.