എളുപ്പവഴിക്കായി ഗൂഗിള്‍ മാപ്പിനെ ആശ്രയിച്ചവര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി; ചെളിയില്‍ കുടുങ്ങിയത് നൂറിലധികം കാറുകള്‍

single-img
28 June 2019

കഴിഞ്ഞ ഞായറാഴ്ച യു.എസിലെ ഡെന്‍വെര്‍ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന നൂറോളം കാറുകളാണ് ഗൂഗിള്‍ മാപ്പിനെ ആശ്രയിച്ചതിനാല്‍ വഴിയില്‍കിടന്നത്. പ്രധാനറോഡില്‍ ഗതാഗതക്കുരുക്കായതിനാല്‍ എളുപ്പവഴിയിലൂടെ പോകാനായിരുന്നു ഗൂഗിള്‍ മാപ്പിന്റെ നിര്‍ദേശം.

എന്നാല്‍ ഈ വഴിയാകട്ടെ ഇടുങ്ങിയതും ചെളിനിറഞ്ഞതുമായിരുന്നു. ഇതറിയാതെ എത്തിയ കാറുകള്‍ ഒന്നൊന്നായി ചെളിയില്‍ പൂണ്ടതോടെ ഈ വഴിയിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ഫോര്‍ വീല്‍ ഡ്രൈവ് സൗകര്യമുള്ള ചില വാഹനങ്ങള്‍ സാഹസികമായി ചെളിയില്‍ നിന്ന് കയറി യാത്ര തുടര്‍ന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് കാറുകള്‍ ചെളിയില്‍ നിന്ന് നീക്കിയത്. അതേസമയം, ഗൂഗിള്‍ മാപ്പിന് തെറ്റ് പറ്റിയിട്ടില്ലെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. മോശം കാലവസ്ഥയും കനത്ത മഴയുമാണ് റോഡിനെ മോശമാക്കിയെതെന്നാണ് അധികൃതര്‍ പറയുന്നത്.