രാഹുല്‍ഗാന്ധി പുതിയ നേതൃത്വത്തോടെ പാര്‍ട്ടിയെ തിരികെ കൊണ്ടുവരട്ടെ; കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നേതാക്കള്‍ ഓരോരുത്തരായി രാജിയിലേക്ക്

single-img
28 June 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തിനു പിന്നാലെ നേതാക്കള്‍ സ്വയം സ്ഥാനമൊഴിയുന്നു. പുതുതായുള്ള ടീമിനെയും നേതൃത്വത്തെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി തന്നെ തെരഞ്ഞെടുക്കട്ടെ എന്നാണ് രാജിവെക്കുന്ന നേതാക്കള്‍ പറയുന്നത്. കോണ്‍ഗ്രസ് ലോ ആന്റ് ആര്‍.ടി.ഐ സെല്‍ ചെയര്‍മാനായ വിവേക് തങ്ക സ്ഥാനം രാജിവെച്ച ഉടന്‍തന്നെ ഡല്‍ഹി, മധ്യപ്രദേശ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി നേതാക്കളാണ് സ്ഥാനമൊഴിഞ്ഞത്.

നിലവില്‍ തുടരുന്ന പ്രതിസന്ധി കൂടുതല്‍ക്കാലം കോണ്‍ഗ്രസിന് നേരിടാന്‍ കഴിയില്ലെന്നും രാഹുല്‍ഗാന്ധി പാര്‍ട്ടിയെ പോരാട്ട വീര്യത്തോടെ തിരികെ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു വിവേക് തങ്കയുടെ രാജി. ‘ഞങ്ങള്‍ പാര്‍ട്ടിയുടെ വഹിക്കുന്ന സ്ഥാനങ്ങളില്‍ നിന്നും വെക്കുന്നു. ഭാവിയിലേക്കുള്ള തന്റെ ടീമിനെ രാഹുല്‍ജിക്ക് സ്വയം പ്രഖ്യാപിക്കാം. ഇപ്പോഴുള്ള പ്രതിസന്ധി കൂടുതല്‍ക്കാലം കോണ്‍ഗ്രസിന് നേരിടാന്‍ കഴിയില്ല.’ വിവേക് തങ്ക ട്വിറ്ററില്‍ കുറിച്ചു.

ഇന്ന് ഉച്ചയ്ക്ക് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റായ രാജേഷ് ലിലോത്തിയ സ്ഥാനം രാജിവച്ചിരുന്നു. വിവേക് തങ്കയ്ക്കും രാജേ് ലിലോത്തിയക്കും പുറമെ ഹരിയാന വനിതാ കോണ്‍ഗ്രസ് മേധാവി സുമിത്ര ചൗഹാന്‍, മേഘാലയയിലെ ജനറല്‍ സെക്രട്ടറി നേറ്റ പി സംഗമ, സെക്രട്ടറി വീരേന്ദര്‍ റാത്തോഡ്, ഛത്തീസ്ഗണ്ഡ് സെക്രട്ടറി അനില്‍ ചൗധരി, മധ്യപ്രദേശ് സെക്രട്ടറി സുധീര്‍ ചൗധരി, ഹരിയാന സെക്രട്ടറി സത്യവീര്‍ യാദവ് എന്നിവരും രാജിവെച്ചിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ യുപിയിലെ എല്ലാ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളും കോണ്‍ഗ്രസ് പിരിച്ചുവിട്ടിരുന്നു. എഐസിസിയുടെ ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ നിര്‍ദ്ദേശത്തിലായിരുന്നു നടപടി. പിന്നാലെ സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ രണ്ടംഗസമിതിയെയും നിയോഗിച്ചിട്ടുണ്ട്. യുവാക്കളായവരെ ഉള്‍പ്പെടുത്തി പുതിയ സമിതികള്‍ രൂപീകരിക്കണമെന്ന പദ്ധതിയാണ് പ്രിയങ്കാ ഗാന്ധി മുന്നോട്ടു വയ്ക്കുന്നത്.

പ്രിയങ്ക നല്‍കിയ നിര്‍ദ്ദേശം അനുസരിച്ച് പുതിയ ജില്ലാ സമിതികളില്‍ 50 ശതമാനം പേരും 40 വയസ്സില്‍ താഴെയുള്ളവരായിരിക്കണം. അതിന് പുറമേ 33 ശതമാനം വനിതാ സംവരണവും ഉറപ്പാക്കണമെന്നും പ്രിയങ്ക നിര്‍ദേശം നല്‍കിയിരുന്നു.