ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യ; മരണത്തിലേക്ക് നയിച്ച പെട്ടെന്നുള്ള പ്രകോപന കാരണങ്ങളിലേക്ക് ആഴത്തിലിറങ്ങാൻ അനേഷണ സംഘം

single-img
28 June 2019

വിവാദമായ ആന്തൂരിലെ പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യയിൽ മക്കളിൽ നിന്നും മറ്റു കുടുംബാം​ഗങ്ങളിൽ നിന്നും വിശദമായ മൊഴിയെടുത്തുകൊണ്ട് അന്വേഷണം വ്യാപിപ്പിക്കാന്‍ അന്വേഷണ സംഘം ഒരുങ്ങുന്നു. ആദ്യ ഘട്ടമായി സാജന്റെ ഭാര്യ ബീനയുടെ മൊഴി അന്വേഷണസംഘം വീണ്ടും രേഖപ്പെടുത്തിയിട്ടുണ്ട്.വിദേശ രാജ്യമായ നൈജീരിയയിൽ വ്യവസായ സംരംഭം നടത്തി വിജയിച്ച സാജന് നഗരസഭ നിഷേധിച്ചാലും കൺവെൻഷൻ സെന്ററിന്റെ അനുമതിക്ക് ന്യായമായി സമീപിക്കാവുന്ന ഉയർന്ന സ്ഥാപനങ്ങളുണ്ട് എന്നിരിക്കെ ആത്മഹത്യ ചെയ്യാൻ പെട്ടെന്നുള്ള പ്രകോപനമെന്താണ് എന്ന ചോദ്യത്തിനാണ് പോലീസ് ഉത്തരം തേടുന്നത്.

സാജന്റെ ബാങ്ക് ഇടപാടുകള്‍ ഉള്‍പ്പെടെ സാമ്പത്തിക വശങ്ങള്‍ ഗൗരവമായി പരിശോധിക്കാനാണ് പോലീസ് നീക്കം. സാജന്‍ എഴുതിയ ഡയറിക്കുറിപ്പ് പരിശോധിച്ചതിൽ ആന്തൂരിലെ തന്റെ സ്വപ്ന പദ്ധതി മുടങ്ങിയതിലെ മനോവിഷമം തന്നെയാണ് ആത്മഹത്യയിലേക്ക് നയിച്ച പ്രധാന കാരണമെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്.

അതേസമയം കൺവെൻഷൻ സെന്ററിനോട് ചേർന്ന് നിർമ്മിച്ച സാജന്റെ വില്ലകൾ ഭൂരിഭാഗവും വിറ്റുപോയിട്ടുണ്ട്. ഈ സെന്ററും വില്ലകളും സാജന്റെയും ഭാര്യയുടെയും ഭാര്യാപിതാവിന്റെയും പേരിലാണ്.

അനുമതി ലഭിക്കാതിരുന്ന കൺവെൻഷൻ സെന്ററിന്റെ ചുമതല സാജന്‍ എല്പ്പിച്ചിരുന്നവരുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്. സാമ്പത്തിക കാര്യങ്ങളിലോ അല്ലാതെയോ ഇവരുമായി മുൻപ് അഭിപ്രായ ഭിന്നതകളുണ്ടായോ എന്നും അന്വേഷിക്കും. അതേപോലെ കുടുംബ പ്രശ്നങ്ങളുണ്ടായോ എന്നറിയുന്നതിനാണ് മക്കളുടെയും കുടുംബാംഗങ്ങളുടെയും മൊഴിയെടുക്കുന്നത്. ഇതിനായി ഫോൺ രേഖകളടക്കം പരിശോധിക്കും.

സാജന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടർ അവധിയായതിനാൽ ആ റിപ്പോർട്ടും വൈകുകയാണ്. മരണത്തില്‍ ആരോപണം നേരിടുന്ന നഗരസഭാ അധ്യക്ഷ പികെ ശ്യാമളയെ ചോദ്യം ചെയ്യുന്നതിൽ ഇനിയും തീരുമാനമായിട്ടില്ല. മരണ കാരണമായി പറയുന്ന കൺവെൻഷൻ സെന്ററിന് അന്തിമ അനുമതി നേടാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾ സാജന്റെ കുടുംബവും സുഹൃത്തുകളും വേ​ഗത്തിലാക്കിയിട്ടുണ്ട്.