വിരാട് കോലിക്ക് മുന്നില്‍ വഴിമാറുന്ന റെക്കോഡുകള്‍; ഇന്ന് മറികടന്നത് ഇതിഹാസ താരങ്ങളായ സച്ചിനെയും ലാറയേയും

single-img
27 June 2019

ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഇന്ന് മറികടന്നത് ക്രിക്കറ്റ് ഇതിഹാസങ്ങളായ ബ്രയാന്‍ ലാറയുടേയും സച്ചിന്‍ ടെണ്ടുല്‍ക്കറുടേയും റെക്കോര്‍ഡാണ്. ലോകകപ്പില്‍ ഇന്ന് നടന്ന വിന്‍ഡീസിനെതിരായ മത്സരത്തില്‍ ലോക ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 20,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന നേട്ടം കോലി സ്വന്തമാക്കി. ഈ മത്സരത്തിന് മുന്‍പ് 37 റണ്‍സായിരുന്നു നേട്ടം സ്വന്തമാക്കാന്‍ കോലിക്ക് വേണ്ടിയിരുന്നത്.

ടോസ് ലഭിച്ച് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍ രോഹിത് ശര്‍മയെ അതിവേഗം നഷ്ടമായെങ്കിലും പിന്നീടെത്തിയ കോലി റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി. മുന്‍പ് 453 ഇന്നിങ്സില്‍ നിന്നാണ് സച്ചിനും ലാറയും 20,000 റണ്‍സെടുത്തത്. എന്നാല്‍ ഇപ്പോള്‍ കോലി 417 ഇന്നിങ്സുകളില്‍നിന്നായി നേട്ടത്തിലെത്തി. ഇതുവരെ 131 ടെസ്റ്റുകളും 224 ഏകദിനങ്ങളും 62 ട്വന്റി ട്വന്റിയും കോലി കളിച്ചിട്ടുണ്ട്.

അതേപോലെ 20,000 റണ്‍സ് ക്ലബ്ബിലെത്തുന്ന ലോകത്തെ 12-ാമത്തെ ബാറ്റ്സ്മാനാണ് കോലി. മാത്രമല്ല ഈ നേട്ടത്തിലെത്തുന്ന മൂന്നാമത്തെ ഇന്ത്യക്കാരനും. 34,357 റണ്‍സ് നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കറിനെ കൂടാതെ 24,208 റണ്‍സെടുത്ത രാഹുല്‍ ദ്രാവിഡാണ് നേട്ടം കൈവരിച്ച മറ്റൊരു ഇന്ത്യന്‍ താരം.

ഇതിന് മുന്‍പ് ഏകദിന ക്രിക്കറ്റില്‍ അതിവേഗം 11,000 റണ്‍സെടുത്ത താരമെന്ന റെക്കോഡിന് കോലി അര്‍ഹനായിരുന്നു. ടെസ്റ്റ്‌ മത്സരങ്ങളില്‍ 6613, ട്വന്റി ട്വന്റിയില്‍ 2263 എന്നിങ്ങനെയാണ് കോലിയുടെ റണ്‍സ് നേട്ടം.