മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പേ വെടിപൊട്ടിച്ച് ട്രംപ്

single-img
27 June 2019

Support Evartha to Save Independent journalism

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് തീരുവ കൂട്ടിയ നടപടി ഇന്ത്യ പിന്‍വലിക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ജി 20 ഉച്ചകോടിക്കിടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ട്രംപ് ഇക്കാര്യം ട്വിറ്ററിലൂടെ ചൂണ്ടിക്കാട്ടിയത്.

‘വര്‍ഷങ്ങളായി യുഎസില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് വന്‍ ഇറക്കുമതിത്തീരുവയാണ് ഇന്ത്യ ഈടാക്കുന്നത്. അടുത്തിടെ അതു വീണ്ടും വര്‍ധിപ്പിച്ചു. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല. ഈ നടപടി തീര്‍ച്ചയായും പിന്‍വലിച്ചിരിക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഈകാര്യം ചര്‍ച്ച ചെയ്യാന്‍ സാധിക്കുമെന്നാണ് കരുതുന്നത്’ ഡോണള്‍ഡ് ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

ഈ 28നും 29നും ഒസാക്കയില്‍ നടക്കുന്ന ജി20 ഉച്ചകോടിക്കിടയിലാണ് ട്രംപും മോദിയും തമ്മിലുള്ള കൂടിക്കാഴ്ച. വ്യാപാരമേഖലയിലെ അസ്വാരസ്യങ്ങള്‍, ഇന്ത്യ റഷ്യയില്‍ നിന്ന് എസ്–400 ട്രയംഫ് മിസൈലുകള്‍ വാങ്ങുന്നതില്‍ യുഎസിനുള്ള എതിര്‍പ്പ്, ഇറാനെതിരെയുള്ള യുഎസ് നടപടി ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയെ ബാധിക്കുന്നത് തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്നാണ് കരുതുന്നത്.

അമേരിക്കയുടെ 29 ഉല്‍പ്പന്നങ്ങള്‍ക്കാണ് അധിക നികുതി ചുമത്താന്‍ ഇന്ത്യ തീരുമാനിച്ചത്. ബദാം, വാള്‍നട്ട്, പയറ് വര്‍ഗങ്ങള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്കാണ് നികുതി വര്‍ധിപ്പിച്ചത്. ഇന്ത്യയുടെ സ്റ്റീല്‍, അലൂമിനിയം ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി കൂട്ടിയ അമേരിക്കന്‍ നീക്കത്തിനു മറുപടിയായാണ് ഈ തീരുമാനം.