ഇനി ട്രയിൻ ഭക്ഷണം ധെെര്യമായി കഴിക്കാം; യാത്രക്കാർക്ക് ഭക്ഷണം പാകം ചെയ്യുന്നത് കാണുവാനുള്ള അവസരമൊരുങ്ങുന്നു

single-img
27 June 2019

ഇനി മുതൽ ട്രെയിനിൽ നിന്നും ഭക്ഷണം ധെെര്യമായി കഴിക്കാം. ട്രയിനിൽ  ഭക്ഷണം ഉണ്ടാക്കുന്നത് യാത്ര​ക്കാർക്ക് നേരിട്ട് കാണാനുള്ള സൗകര്യവുമൊരുങ്ങുന്നു. മുംബൈ-ഡൽഹി രാജധാനി, ശതാബ്ദി എക്സ്പ്രസുകളിൽ ഇതു പരീക്ഷണാർഥം നടപ്പാക്കിത്തുടങ്ങി. 

പ്രസ്തുത നടപടി മറ്റു വണ്ടികളിലേക്കും വ്യാപിപ്പിക്കുമെന്നാണ് ഐആർസിടിസി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചത്. ട്രെയിനിൽ നിന്ന് വാങ്ങുന്ന ഭക്ഷണപ്പൊതിയുടെ പുറത്ത് ഡൈനാമിക് ക്യുആർ കോഡ് പതിപ്പിക്കുന്നതാണ് പദ്ധതിയുടെ ആദ്യഘട്ടം. ഇതു യാത്രക്കാർ തങ്ങളുടെ സ്മാർട്ട്‌ഫോണിൽ ‘സ്‌കാൻ’ ചെയ്താൽ അടുക്കളയിൽ നടക്കുന്ന പാചകദൃശ്യങ്ങൾ തത്സമയം കാണാൻ കഴിയും.

അടുക്കളയിൽ ഘടിപ്പിച്ച ക്യാമറയിൽ പകർത്തുന്ന ദൃശ്യങ്ങളാണ് യാത്രക്കാരന്റെ മൊബൈൽ ഫോണിൽ എത്തുക. നേരത്തെ ‘ബുക്ക്’ ചെയ്യുന്ന ഭക്ഷണപ്പൊതികളിൽ മാത്രമേ ആദ്യഘട്ടത്തിൽ ഡൈനാമിക് ക്യുആർ കോഡ് പതിക്കുകയുള്ളൂ. “ബാർ കോഡ് വഴിയോ സാധാരണ ക്യുആർ കോഡ് വഴിയോ ഉത്പന്നത്തിന്റെ വിവരങ്ങൾ മാത്രമേ ഇതിലൂടെ ലഭ്യമാകുകയുള്ളൂ. 

എന്നാൽ പുതിയ സാങ്കേതികവിദ്യ വഴി വീഡിയോയിലേക്ക് എത്തിക്കാൻ കഴിയും. ജൂലൈ അവസാനത്തോടെ ഇതിന്റെ പരീക്ഷണഘട്ടം അവസാനിക്കുമെന്നും ഓഗസ്റ്റ് ആദ്യവാരത്തിൽ തന്നെ പദ്ധതി നടപ്പാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഐആർസിടിസി ഉദ്യോഗസ്ഥനായ സഞ്ജയ് ചക്രവർത്തി അറിയിച്ചു. .