‘ആ പണം തിരികെ വച്ചിട്ടുണ്ട്; എന്റെ മകന്‍ ചെയ്ത തെറ്റ് പൊറുക്കണം’: നഷ്ടപ്പെട്ടെന്നു കരുതിയ പഴ്‌സിനൊപ്പം കുറിയറില്‍ ലഭിച്ച കത്ത്

single-img
27 June 2019

Support Evartha to Save Independent journalism

ചങ്ങനാശേരി സ്വദേശി സബീഷ് നെടുംപറമ്പില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു കത്ത് വൈറലാകുകയാണ്. ഈ മാസം 17നു ചങ്ങനാശേരി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു വെച്ച് സബീഷിന്റെ പഴ്‌സ് നഷ്ടപ്പെട്ടിരുന്നു. ഗവേഷണ രേഖകള്‍ സൂക്ഷിച്ചിരുന്ന പെന്‍ഡ്രൈവ് ഉള്‍പ്പെടെയുള്ള വിലപിടിച്ച വസ്തുക്കള്‍ പഴ്‌സിലുണ്ടായിരുന്നു.

ഈ പഴ്‌സ് കുറിയര്‍ വഴി ആരോ സബീഷിന് അയച്ചു കൊടുക്കുകയായിരുന്നു. മകന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ച തിരിച്ചറിഞ്ഞ്, അതു തിരുത്താന്‍ തയാറാകുകയും സുരക്ഷിതമായി പഴ്‌സ് മടക്കി നല്‍കുകയും ചെയ്ത മാതാപിതാക്കളുടെ നന്മ സമൂഹം അറിയണമെന്ന ആഗ്രഹത്തില്‍ കുറിയറിനൊപ്പം ഉണ്ടായിരുന്ന കത്ത് സബീഷ് പരസ്യമാക്കുകയായിരുന്നു.

‘എന്റെ മകന്‍ ചെയ്ത തെറ്റ് പൊറുക്കണം. സ്വീറ്റ്‌സ് വാങ്ങാന്‍ 100 രൂപ മാത്രമേ അവന്‍ പഴ്‌സില്‍ നിന്ന് എടുത്തിട്ടുള്ളൂ എന്നാണു പറഞ്ഞത്. ആ പണം തിരികെ വച്ചിട്ടുണ്ട്. വഴിയില്‍ കിടക്കുന്നതും നമ്മുടെ അല്ലാത്തതുമായ ഒന്നും എടുക്കരുതെന്നു ഞങ്ങള്‍ ഉപദേശിച്ചിട്ടുള്ളതാണ്. പക്ഷേ അവന്‍ തെറ്റ് ചെയ്തു. അവന്റെ പ്രായത്തെ കരുതി ക്ഷമിക്കണം’. എന്നായിരുന്നു കത്തിലെ വരികള്‍.

പഴ്‌സ് നഷ്ടമായതിനെത്തുടര്‍ന്നു പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി പിന്‍വലിച്ചതായും പഴ്‌സ് കണ്ടെത്തിയ കുഞ്ഞിനെയും മാതാപിതാക്കളെയും കാണാന്‍ അതിയായ ആഗ്രഹമുണ്ടെന്നും അവര്‍ക്കു നല്‍കാന്‍ സമ്മാനപ്പൊതിയും മധുരപലഹാരങ്ങളുമായി കാത്തിരിക്കുന്നതായും സബീഷ് കത്തിനൊപ്പം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.