രാജ്കുമാറിനെ കസ്റ്റഡിയില്‍ മര്‍ദിക്കാന്‍ നേതൃത്വം നല്‍കിയതു പോലീസ് ഡ്രൈവര്‍മാര്‍; മൂന്നാംമുറ സ്‌റ്റേഷന്റെ മുകള്‍നിലയിലെ വിശ്രമമുറിയില്‍; സിസി ടിവി ഓഫാക്കി

single-img
27 June 2019

Support Evartha to Save Independent journalism

ഇടുക്കി: പീരുമേട് സബ് ജയിലില്‍ വായ്പ തട്ടിപ്പ് കേസിലെ റിമാന്‍ഡ് പ്രതി രാജ്കുമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പൊലീസുകാര്‍ക്കുകൂടി സസ്‌പെന്‍ഷന്‍. നെടുങ്കണ്ടം സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ജില്ലാ പോലീസ് മേധാവിയുടെതാണ് നടപടി. നിലവില്‍ 17 പൊലീസുകാര്‍ക്കെതിരെയാണ് അന്വേഷണ വിധേയമായി നടപടി എടുത്തിരിക്കുന്നത്.

അതിനിടെ, കുമാറിനു നേരെ പൊലീസിന്റെ മൂന്നാംമുറ നടന്നത് സ്റ്റേഷനിലെ വിശ്രമമുറിയിലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ ഒന്നാംനിലയിലാണ് വിശ്രമമുറി. രണ്ട് പൊലീസ് ഡ്രൈവര്‍മാരാണ് നേതൃത്വം നല്‍കിയതെന്നാണ് സൂചന.

അരയ്ക്കു താഴെ ക്രൂരമര്‍ദനമേറ്റ രാജ്കുമാറിനു നിവര്‍ന്നുനില്‍ക്കാനുള്ള ശേഷിപോലും നഷ്ടപ്പെട്ടിരുന്നു. പോലീസിനെക്കണ്ട് മതില്‍ ചാടി ഓടാന്‍ ശ്രമിക്കവേയാണു കാലിനു പരുക്കേറ്റതെന്നു മജിസ്‌ട്രേറ്റിനോടു പറയണമെന്നും നിര്‍ദേശിച്ചു. അങ്ങനെയെങ്കില്‍ കേസില്‍നിന്നു രക്ഷപ്പെടുത്താമെന്നായിരുന്നു വാഗ്ദാനം. അതിനാല്‍ കോടതിയില്‍ പ്രതി മര്‍ദനവിവരം മറച്ചുവച്ചെന്നാണു സൂചന.

പീരുമേട് സബ് ജയിലില്‍ ഹാജരാക്കിയപ്പോള്‍ തമിഴില്‍ എഴുതിനല്‍കിയതും കാലിനു പരുക്കുണ്ടെന്നു മാത്രമാണ്. കഴിഞ്ഞ 12നു രാജ്കുമാറിനെയും കൂട്ടുപ്രതികളായ രണ്ടു സ്ത്രീകളെയും നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുവരുന്ന ദൃശ്യങ്ങള്‍ സി.സി. ടിവിയില്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍, മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങളില്ല.

ഈസമയം ക്യാമറ ഓഫ് ചെയ്തിരിക്കാനുള്ള സാധ്യതയിലേക്കാണ് ഇതു വിരല്‍ ചൂണ്ടുന്നത്. സംസ്ഥാന ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കാന്‍ ഇന്ന് നെടുങ്കണ്ടത്ത് എത്തും.