വെസ്റ്റ്ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് ബാറ്റിംഗ്; വിജയ് ശങ്കറും ഷമിയും തുടരും, പന്തു പുറത്തുതന്നെ

single-img
27 June 2019

ലോകകപ്പില്‍ വെസ്റ്റ്ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ജയത്തോടെ സെമി ഉറപ്പിക്കുകയാണ് ഇന്ത്യന്‍ ടീം ലക്ഷ്യമിടുന്നത്. പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. മുന്‍ മത്സരത്തില്‍ നിന്നും മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്.

ഇതോടെ ലോകകപ്പ് അരങ്ങേറ്റത്തിന് ഋഷഭ് പന്ത് ഇനിയും കാത്തിരിക്കേണ്ടിവരും. കഴിഞ്ഞ മല്‍സരത്തില്‍ കാര്യമായി തിളങ്ങാനാകാതെ പോയ വിജയ് ശങ്കറിനു പകരം ഋഷഭ് പന്തിനെ പരീക്ഷിക്കുമോ എന്ന ആകാംക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍, വിജയ് ശങ്കറിനെത്തന്നെ ഒരിക്കല്‍ക്കൂടി ആശ്രയിക്കാനാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം.

പരുക്കുമായി പുറത്തായ ഭുവനേശ്വര്‍ കുമാര്‍ കായികക്ഷമത തെളിയിച്ചാല്‍ ടീമില്‍ മടങ്ങിയെത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഷമിയെത്തന്നെ നിലനിര്‍ത്തുകയാണ് ടീം മാനേജ്‌മെന്റ് ചെയ്തത്. കഴിഞ്ഞ മല്‍സരത്തില്‍ ആദ്യമായി ഈ ലോകകപ്പില്‍ കളത്തിലിറങ്ങിയ ഷമി ഹാട്രിക് ഉള്‍പ്പെടെ നാലു വിക്കറ്റ് വീഴ്ത്തിയിരുന്നു.

ലോകത്തെ ഒന്നാം നമ്പര്‍ ടീമെന്ന നേട്ടത്തിന് അടിവരയിടുന്ന പ്രകടനമാണ് ഇന്ന് ഇന്ത്യയുടെ ലക്ഷ്യം. ലോകകപ്പില്‍ ഏറെക്കുറെ പ്രതീക്ഷകളെല്ലാം അസ്തമിച്ച വിന്‍ഡീസിനും മാനം കാക്കാന്‍ വിജയം അനിവാര്യമാണ്. അഫ്ഗാനിസ്ഥാനെതിരെ തോല്‍വിയുടെ വക്കില്‍നിന്നു ജയം നേടിയതിന്റെ ആത്മവിശ്വാസം ഇന്ത്യയ്ക്കു കരുത്തു പകരുമ്പോള്‍, കിവീസിനെതിരെ കയ്യെത്തും ദൂരത്ത് വിജയം കൈവിട്ടതിന്റെ നൊമ്പരം മാറാതെയാണ് കരീബിയന്‍ സംഘം ഇറങ്ങുന്നത്. സെമി ഉറപ്പിക്കാന്‍ ഇനിയുള്ള 4 കളികളില്‍ 2 വിജയമാണ് ഇന്ത്യയ്ക്കു വേണ്ടത്.