ഈ മരുന്ന് കുറിപ്പ് വായിക്കാൻ രണ്ടുപേർക്കേ കഴിയൂ, കുറിപ്പ് എഴുതിയ ഡോക്ടർക്കും പിന്നെ ദെെവത്തിനും: ഡോക്ടറുടെ കുറിപ്പടിക്കെതിരെ ഫാർമസിസ്റ്റുകൾ

single-img
27 June 2019

കൊല്ലം ജില്ലാ ആശുപത്രിയിലെ ഡോക്‌ടറുടെ മരുന്ന് കുറിപ്പടി.രോഗികളെയും ഫാർമസിസ്റ്റുകളെയും വട്ടം ചുറ്റിച്ചു. കഴിഞ്ഞ ഞായറാഴ്ച അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയെത്തിയ രോഗികൾക്കാണ് ചെറിയ കുട്ടികൾ കുട്ടത്തിവരയ്ക്കുന്നതു പോലെയുള്ള കുറിപ്പടി കിട്ടയത്. ഇത് വായിച്ച് ഏത് മരുന്നാണെന്ന് മനസ്സിലാക്കാൻ കഴിയുന്നില്ലെന്നും മരുന്ന് മാറിയാൽ രോഗികളുടെ മരണം പോലും സംഭവിക്കമെന്നും ഫാർമസിസ്റ്റുകൾ പറയുന്നു. 

ആശുപത്രിയിലെത്തുന്ന രോഗികളോട് അലക്ഷ്യമായാണ് ഡോക്ടർമാർ വിവരങ്ങൾ തിരക്കുന്നതെന്നും മരുന്നുകൾ എഴുതുന്നതെന്നും പരാതി ഉയർന്നിട്ടുണ്ട്. മാത്രമല്ല ഡോക്ടറുടെ പേര് കാഷ്വാലിറ്റി ഔട്ട് പേഷ്യന്റ് ടിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുമില്ല.മരുന്നിനായി ഫാർമസിയിലെത്തിയ രോഗിയുടെ കെെയിലുള്ള കുറിപ്പ് കണ്ട് ഫാർമസിസ്റ്റുകൾക്കും ഡോക്‌ടറുടെ എഴുത്ത് മനസിലായില്ല. പരസ്‌പരം ചർച്ച ചെയ്തും രോഗിയോട് രോഗ വിവരങ്ങൾ ചോദിച്ച് ഉറപ്പ് വരുത്തിയുമാണ് അവർ മരുന്ന് നൽകിയത്. 

രോഗികളെ ഇരിപ്പിടത്തിൽ ഇരുത്തി രോഗ വിവരങ്ങൾ ചോദിച്ചറിയാൻ ഡോക്ടർ തയ്യാറായില്ലെന്നും പരാതിയുണ്ട്. ഇരിക്കാൻ ശ്രമിച്ച രോഗികളെ എഴുന്നേൽപ്പിച്ചശേഷം കസേര പിന്നിലേക്കിട്ട് ഇരുത്തുകയായിരുന്നുവെന്നാണ് ഉയരുന്ന ആരോപണം. 

പനി ബാധിച്ച് നിരവധി രോഗികൾ ഞായറാഴ്ച ഉച്ചയോടെ ആശുപത്രിയിലെത്തിയെങ്കിലും ഒ.പി ഡോക്‌ടർമാരുടെ സേവനം ലഭിച്ചില്ല. തുടർന്നാണ് അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയത്. രോഗികൾക്ക് വായിച്ച് മനസിലാക്കാൻ കഴിയുന്ന തരത്തിൽ രോഗ വിവരങ്ങളും മരുന്നുകളുടെ നിർദേശങ്ങളും എഴുതണമെന്നാണ് ചട്ടം. അത് ലംഘിച്ച് അലക്ഷ്യമായി മരുന്ന് കുറിപ്പടി നൽകിയതിനെതിരെ ആരോഗ്യ വകുപ്പ് ഉന്നതർക്ക് പരാതി നൽകുമെന്ന് ഞായറാഴ്ച ആശുപത്രിയിൽ ചികിത്സ തേടിയ രോഗികൾ അറിയിച്ചു.