തൊഴില്‍ അവസരങ്ങള്‍, ഭക്ഷ്യ സുരക്ഷ, കടല്‍ ഭിത്തി; പാര്‍ലമെന്റിലെ ആദ്യ പ്രസംഗത്തില്‍ ആവശ്യങ്ങളുമായി എഎം ആരിഫ്

single-img
27 June 2019

പാര്‍ലമെന്റിലെ തന്റെ ആദ്യ പ്രസംഗത്തില്‍ കേരളത്തില്‍ തൊഴില്‍ അവസരങ്ങള്‍, ഭക്ഷ്യ സുരക്ഷ, കടല്‍ ഭിത്തി നിര്‍മ്മാണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സിപിഎം എംപി എഎം ആരിഫ്. സംസ്ഥാനത്തെ തീരവേശവാസികള്‍ പൂര്‍ണ്ണമായും ആശ്രയിക്കുന്നത് കടലിനെയാണെന്നും അതിനാല്‍ കടല്‍ഭിത്തി നിര്‍മ്മിക്കുന്നത് അനിവാര്യമാണെന്നും എഎം ആരിഫ് പറഞ്ഞു.

ഇപ്പോള്‍ തുടര്‍ച്ചയായി അനുഭവപ്പെടുന്ന കടല്‍ക്ഷോഭത്തില്‍ തീരദേശവാസികള്‍ ദുരിതം അനുഭവിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ തീരദേശവാസികളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കുകയാണ്. എക്കാലവും ഇങ്ങനെ ചെയ്യുന്നത് എളുപ്പമല്ലെന്നും ഇതൊരു ശാശ്വതപരിഹാരമല്ലെന്നും അതിനാല്‍ തന്നെ കടല്‍ ഭിത്തി നിര്‍മ്മിക്കുക എന്നത് അനിവാര്യമാണ്. തന്റെ മണ്ഡലമായ ആലപ്പുഴയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കേണ്ടതായുണ്ട്. ഇത് കേന്ദ്ര സര്‍ക്കാര്‍ ഫണ്ടിങ്ങിലൂടെ മാത്രമേ ചെയ്യാന്‍ കഴിയുള്ളൂ. അതിനായി എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണം- എഎം ആരിഫ് പറഞ്ഞു.

പതിനേഴാംലോക്‌സഭയില്‍ സിപിഎമ്മിന്റെ ചീഫ് വിപ്പായി തെരഞ്ഞെടുത്തത് എഎം.ആരിഫിനെയാണ്. ആകെ 3 എംപിമാരുള്ള സിപിഎമ്മില്‍ കേരളത്തില്‍ നിന്നുള്ള ഏക പ്രതിനിധികൂടിയാണ് ആരിഫ്.