സമരം ചെയ്ത മുസ്‌ലീങ്ങളെ തീവ്രവാദികളെന്ന് വിശേഷിപ്പിച്ച് വിജയരാഘവന്‍; ‘യു.ഡി.എഫ് കാലത്ത് ദേശീയപാത വികസനം മുസ്ലീം തീവ്രവാദികളുടെ ഇടപെടലിനെ തുടര്‍ന്ന് സ്തംഭിച്ച അവസ്ഥയിലായിരുന്നു’

single-img
26 June 2019

ദേശീയപാതക്ക് വേണ്ടി സ്ഥലമേറ്റെടുക്കുന്നതിനെതിരെ പ്രതിഷേധിച്ചവരെ തീവ്രവാദികളാക്കി സിപിഎം നേതാവും എല്‍ഡിഎഫ് കണ്‍വീനറുമായ എ.വിജയരാഘവന്‍. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ ദേശീയപാത വികസനം മുസ്ലീം തീവ്രവാദികളുടെ ഇടപെടലിനെ തുടര്‍ന്ന് സ്തംഭിച്ച അവസ്ഥയിലായിരുന്നുവെന്ന് എ.വിജയരാഘവന്‍ പറഞ്ഞു.

മുസ്ലീംതീവ്രവാദികളാണ് അന്ന് ദേശീയപാത വികസനം തടസപ്പെടുത്തിയത്. അന്നത്തെ സര്‍ക്കാര്‍ അവര്‍ക്ക് പൂര്‍ണമായും വഴങ്ങിക്കൊടുത്തു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ദേശീയപാത വികസനം ഒരിഞ്ച് പോലും മുന്നോട്ട് പോയില്ലെന്നും എ.വിജയരാഘവന്‍ പറഞ്ഞു.

സര്‍ക്കാരിന്റെ പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് എതിരേയും രൂക്ഷമായ ഭാഷയിലാണ് വിജയരാഘവന്‍ പ്രതികരിച്ചത്. 90 വീടുകള്‍ നന്നാക്കിയാല്‍ അത് വാര്‍ത്തായാക്കാന്‍ ആരുമില്ലെന്നും പകരം രണ്ട് വീട് നന്നാക്കാത്തതിനെ പറ്റി വിവാദം ഉണ്ടാക്കുകയാണെന്നും വിജയരാഘവന്‍ പറഞ്ഞു. പ്രളയകാലത്ത് മുറ്റത്ത് വെള്ളം കയറിയവര്‍ക്ക് വരെ ആദ്യഘട്ടസഹായമായ പതിനായിരം രൂപ കൊടുത്തിട്ടുണ്ടെന്നും വിജയരാഘവന്‍ പറഞ്ഞു.