പോലീസ് പിടിച്ചാല്‍ ശവപ്പെട്ടി വാങ്ങേണ്ട സ്ഥിതിയാണെന്ന് പിടി തോമസ്: നെടുങ്കണ്ടം കസ്റ്റഡി മരണം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

single-img
26 June 2019

Support Evartha to Save Independent journalism

ഇടുക്കി പീരുമേട്ടില്‍ റിമാന്‍ഡ് പ്രതി മരിച്ച സംഭവത്തില്‍ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം. പൊലീസ് പിടിച്ചെന്ന് കേട്ടാല്‍ ശവപ്പെട്ടി വാങ്ങാന്‍ ഓടുന്ന സ്ഥിതിയാണെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ പി.ടി തോമസ് പറഞ്ഞു.

പീരുമേട്ടില്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ കസ്റ്റഡിയിലെടുത്ത രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ പോലീസ് നടപടിക്രമങ്ങള്‍ പാലിച്ചില്ല. ഇയാളെ 105 മണിക്കൂറോളം കസ്റ്റഡിയില്‍വച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും, തട്ടിപ്പ് നടത്തിയ സ്ഥാപനത്തിന് സി.പി.എമ്മുമായി ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

എന്നാല്‍, അടിയന്തരാവസ്ഥയുടെ വാര്‍ഷികത്തില്‍ പോലീസ് മര്‍ദ്ദനത്തെക്കുറിച്ച് മറുപടി നല്‍കേണ്ടിവരുന്നത് വിധിയുടെ വൈപരീതമാണെന്ന ആമുഖത്തോടെയായിരുന്നു മുഖ്യമന്ത്രി മറുപടി പ്രസംഗം ആരംഭിച്ചത്. പോലീസിനെ കണ്ട് ഓടുന്നതിനിടെ രാജ്കുമാറിന് പരിക്കേറ്റതായും ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ സംഭവത്തില്‍ ആര് ഉത്തരവാദിയായാലും അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. എസ്.ഐ. ഉള്‍പ്പെടെ അഞ്ച് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. രാജ്കുമാറിന്റെ മരണം പ്രത്യേകസംഘം അന്വേഷിക്കുമെന്നും ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തെറ്റായ ഒരുകാര്യത്തെയും സര്‍ക്കാര്‍ ന്യായീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു.