മുങ്ങിമരിച്ചു കിടക്കുന്ന അച്ഛനും മകളും: അഭയാര്‍ഥി പലായനത്തിന്റെ ദുരന്ത ചിത്രം

single-img
26 June 2019

സുരക്ഷിത ഇടം തേടി യു.എസിലേക്കുള്ള അനധികൃത അഭയാര്‍ഥികളുടെ പ്രയാണവും അത് തടഞ്ഞുകൊണ്ടുള്ള യു.എസ് നടപടികളും കനക്കുന്നതിനിടെ ഹൃദയ ഭേദകരമായ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. മെക്‌സിക്കോ യു.എസ് അതിര്‍ത്തിയില്‍ യു.എസ് അധീനതയിലുള്ള റിയോ ഗ്രാന്‍ഡ് നദിയില്‍ മരിച്ചു കിടക്കുന്ന എല്‍ സാല്‍വദോര്‍ സ്വദേശിയായ പിതാവിന്റേയും രണ്ട് വയസ്സുകാരി മകളുടേയും ചിത്രമാണ് പ്രചരിക്കുന്നത്.

ഒസ്‌കാര്‍ ആല്‍ബര്‍ട്ടോ മാര്‍ട്ടിനസ് രമീരസും മകള്‍ വലേരിയയുമാണ് അഭയാര്‍ഥി ജീവിതത്തിന്റെ നൊമ്പരമായി മാറിയത്. കമഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു ഇരുവരും. അച്ഛന്റെ വസ്ത്രത്തിനുള്ളില്‍ അദ്ദേഹത്തെ ചേര്‍ത്തുപിടിച്ച് കിടന്ന നിലയിലാണ് കുട്ടി. 2015ല്‍ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായ സിറിയന്‍ ബാലന്‍ ഐലന്‍ കുര്‍ദിയുടേതിന് സമാനമാണ് ഈ അച്ഛന്റെയും മകളുടെയും ചിത്രം.

മെക്‌സിക്കന്‍ ദിനപത്രമായ ലാ ജൊര്‍ണാഡയാണ് ചിത്രം പ്രസിദ്ധീകരിച്ചത്. അമേരിക്കയില്‍ അഭയം കിട്ടാനുള്ള ശ്രമങ്ങള്‍ ഫലം കാണാതെ വന്നതോടെയാണ് രമീരസ് മകളുമായി ഞായറാഴ്ച നീന്തിത്തുടങ്ങിയത്. തിങ്കളാഴ്ചയാണ് മൃതദേഹം കിട്ടിയത്. ‘വീടുണ്ടാക്കണം, മെച്ചപ്പെട്ട ജീവിതം വേണം. അതിന് പണം വേണം. ഇതുവരെയെത്തി ഇനി തിരിച്ചുപോക്കില്ല എങ്ങനെയെങ്കിലും അക്കരെ എത്തണമെന്ന് പറഞ്ഞാണ് വെള്ളത്തിലേക്ക് ചാടിയത്.’ പോകരുതെന്ന് കെഞ്ചി പറഞ്ഞതാണെന്ന് രമീരസിന്റെ മാതാവ് അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു.

തിരയില്‍ ഭര്‍ത്താവും മകളും മുങ്ങിത്താഴുന്നത് കണ്ടുനില്‍ക്കാനെ കഴിഞ്ഞുള്ളൂവെന്ന് രാമിരസിന്റെ ഭാര്യ ടാനിയ മെക്‌സിക്കന്‍ അധികൃതരോട് പറഞ്ഞു. ഏപ്രില്‍ മൂന്നിന് എല്‍ സാല്‍വദോറില്‍നിന്ന് പുറപ്പെട്ടതാണ് ഇവര്‍. ഇടയ്ക്ക് രണ്ട് മാസം തപച്ചുലയില്‍ അഭയം കണ്ടു. കഴിഞ്ഞ വര്‍ഷം മാത്രം ഇങ്ങനെ 283 പേരാണ് മരിച്ചത്.