ബി.ജെ.പിയെ പൊളിച്ചടുക്കി; പാര്‍ലമെന്റിലെ കന്നി പ്രസംഗത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെ വരെ അമ്പരപ്പിച്ച് എംപി മഹുവ മൊയ്ത്ര: വീഡിയോ

single-img
26 June 2019

പാര്‍ലമെന്റിലെ കന്നി പ്രസംഗത്തില്‍ കയ്യടി നേടി തൃണമൂല്‍ എംപി മഹുവ മൊയ്ത്ര. ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ച മൊയ്ത്ര ഫാസിസത്തിന്റെ ഏഴ് ലക്ഷണങ്ങള്‍ ചൂണ്ടിക്കാട്ടി നടത്തിയ പ്രസംഗം പ്രതിപക്ഷ പാര്‍ട്ടികളെ വരെ അമ്പരപ്പിച്ചു.

പാര്‍ലമെന്റിന്റെ സമീപകാല ചരിത്രത്തില്‍ ഇത്രയധികം ശക്തമായ വാക്‌ധോരണി ഉണ്ടായിട്ടില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ജനവിധി അംഗീകരിക്കുന്നുവെന്നു പറഞ്ഞ് സാധാരണമായാണ് അവര്‍ ലോക്‌സഭയില്‍ തന്റെ കന്നിപ്രസംഗം തുടങ്ങിയത്.

വെറും 10 മിനിറ്റ് മാത്രം നീണ്ട പ്രസംഗമായിരുന്നു അത്. എല്ലാറ്റിനേക്കാളും പ്രധാനപ്പെട്ടത് വിയോജിപ്പാണെന്നു പറഞ്ഞാണ് അവര്‍ മോദിസര്‍ക്കാരിനെതിരായ ആക്രമണം ആരംഭിച്ചത്. ലോക്‌സഭ സന്തുലിതമല്ലെന്നും ഭരണകക്ഷിയുടെ അഭൂതപൂര്‍വവും പ്രതിപക്ഷത്തിന്റെ ശുഷ്‌കിച്ചതുമായ അംഗസംഖ്യയാണ് ഇതിനു കാരണമെന്ന് അവര്‍ പറഞ്ഞു.

‘ദേശീയ ബോധം ജനങ്ങളെ ഒന്നിപ്പിക്കണം. പക്ഷേ അവരെ വിഭജിക്കുന്ന ഒരു ദേശീയതയിലേക്കാണ് നിങ്ങള്‍ രാജ്യത്തെ കൊണ്ട് പോകുന്നത്. പൗരത്വം തെളിയിക്കാനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നിങ്ങള്‍ ആവശ്യപ്പെടുന്നു. എന്നാല്‍ സ്വന്തം വിദ്യഭ്യാസ യോഗ്യത തെളിയിക്കുന്ന കോളേജ് സര്‍ട്ടിഫിക്കറ്റ് പോലും ഹാജരാക്കാന്‍ കഴിയാത്ത ഭരണാധികാരികളാണ് നിങ്ങള്‍. ഭ്രാന്തവും അപകടകരവുമായ ഒരു ദേശീയതാ വാദത്തിലേക്ക് രാജ്യം പോവുകയാണ്.

കുടുംബവാഴ്ചയുടെ പേരിലാണ് കോണ്‍ഗ്രസിനെ ബി.ജെ.പി ആക്രമിക്കുന്നത്. കോണ്‍ഗ്രസ് അത്തരത്തിലുള്ള 36 പേര്‍ക്ക് ഇത്തവണ ടിക്കറ്റ് നല്‍കിയപ്പോള്‍ ബി.ജെ.പി 31 പേര്‍ക്കു നല്‍കിയെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇലക്ടറല്‍ സംവിധാനത്തില്‍നിന്ന് സ്വാതന്ത്ര്യം ചോര്‍ന്നുപോയതാണ് ഫാസിസത്തിന്റെ അവസാനസൂചകമെന്നും അവര്‍ പറഞ്ഞു.

പ്രധാന ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥലംമാറ്റി. തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്കുമുന്‍പ് ബംഗാളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. എന്നാല്‍ തെരഞ്ഞെടുപ്പിന് ചെലവാക്കിയ 60000 കോടിയില്‍ 27000 കോടിയും ചെലവാക്കിയ ബി.ജെ.പിക്കെതിരേ കമ്മീഷന്‍ നടപടിയെടുക്കുന്നില്ല. യു.എസിലെ ഹോളോകോസ്റ്റ് സ്മാരകത്തില്‍ 2017ല്‍ ഒരു പോസ്റ്റര്‍ ഉണ്ടായിരുന്നെന്നും അതില്‍ ഫാസിസത്തിന്റെ സൂചകങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട പെഹ്‌ലു ഖാന്‍ മുതല്‍ ഇന്നലെ കൊല്ലപ്പെട്ട തബ്രീസ് അന്‍സാരി വരെയുള്ള മനുഷ്യരെ ഓര്‍ക്കണം. ആ പട്ടിക തുടര്‍ന്ന് കൊണ്ടേയിരിക്കുകയാണ്. കര്‍ഷകരുടെ പ്രശ്‌നങ്ങളോ തൊഴിലില്ലായ്മയോ അല്ല വ്യാജ വാര്‍ത്തകളും വാട്‌സാപ്പ് ഫേക്കുകളും കൊണ്ടാണ് നിങ്ങള്‍ തെരഞ്ഞെടുപ്പ് ജയിച്ചത്’ മൊയ്ത്ര ആരോപിച്ചു

രാജ്യത്തെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കണോ അതോ അതിന്റെ ശവമടക്കിന് കാര്‍മ്മികത്വം വഹിക്കണോ? എന്ന ചോദ്യവും പാര്‍ലമെന്റ് അംഗങ്ങളോടായി മൊയ്ത്ര ചോദിച്ചു. ‘സഭീ കാ ഖൂന്‍ ഹേ ശാമില്‍ യഹാ കാ മിട്ടീ മേ .. കിസീ കാ ബാപ് കാ ഹിന്ദുസ്ഥാന്‍ തോഡീ ഹേ..'(എല്ലാ വിഭാഗം ജനങ്ങളുടേയും രക്തകണങ്ങള്‍ ഈ മണ്ണിലുണ്ട്, ആരുടേയും പിതൃ സ്വത്തല്ല ഈ ഹിന്ദുസ്ഥാന്‍) എന്ന കവിത കൂടി ചൊല്ലിയാണ് മൊയ്ത്ര തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

ഇതിനിടെ തന്റെ പ്രസംഗം തടസ്സപ്പെടുത്താന്‍ വേണ്ടി മുദ്രാവാക്യം വിളിച്ച ഭരണകക്ഷി എം.പിമാരെ മഹുവ പരിഹസിച്ചു. രാജഭക്തി കാണിക്കാന്‍ വേണ്ടിയാണ് ഈ മുദ്രാവാക്യങ്ങളെന്നും രാജ്യസ്‌നേഹം കാണിക്കാന്‍ വേണ്ടിയല്ലെന്നും മഹുവ പറഞ്ഞു.

https://www.youtube.com/watch?time_continue=221&v=dnh-mpg_oF4