ഗോരക്ഷാ തീവ്രവാദത്തിനെതിരെ നിയമനിർമ്മാണത്തിനായി മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാർ

single-img
26 June 2019

ഗോരക്ഷാ തീവ്രവാദത്തിനെതിരെ നിയമനിർമ്മാണം നടത്താനുള്ള പദ്ധതിയുമായി മധ്യപ്രദേശ് ഭരിക്കുന്ന കോൺഗ്രസ് സർക്കാർ. നിലവിലെ ഗോവധനിരോധനനിയമത്തിൽ ഭേദഗതി വരുത്തി നിയമം കയ്യിലെടുക്കുന്നവരെ ശിക്ഷിക്കുവാനുള്ള വകുപ്പുകൾ കൂട്ടിച്ചേർക്കാനാണ് പദ്ധതിയെന്ന് ഇന്ത്യൻ എക്സ്പ്രസ് ദിനപ്പത്രം റിപ്പോർട്ട് ചെയ്യുന്നു.

Doante to evartha to support Independent journalism

ഗോരക്ഷയുടെ പേരിൽ അക്രമം കാണിക്കുകയോ വസ്തുവകകൾ നശിപ്പിക്കുകയോ ചെയ്യുന്നവർ മൂന്നുവർഷം വരെ തടവ് ലഭിക്കുന്ന രീതിയിലായിരിക്കും നിയമനിർമ്മാണം. കുറ്റം ആവർത്തിക്കുന്നവർക്ക് അഞ്ചുവർഷം വരെ തടവു നൽകാനും നിയമത്തിൽ വ്യവസ്ഥയുണ്ടാകും.

ഗോരക്ഷാ തീവ്രവാദത്തിനെതിരെ നിയമനിർമ്മാണം നടത്തുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാകും മധ്യപ്രദേശ്. നിലവിൽ ഇത്തരം അക്രമങ്ങൾ നടന്നാൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും ക്രിമിനൽ നടപടിക്രമത്തിലെയും വകുപ്പുകൾ പ്രകാരമാണ് കേസെടുക്കാറുള്ളത്.

ആൾക്കൂട്ട ഭീകരത രാജ്യത്തെ നിയമവ്യവസ്ഥയെ തകിടം മറിക്കുകയാണെന്നും അതിനാൽ ആൾക്കൂട്ടഹത്യകളും ഗോരക്ഷാ തീവ്രവാദവും നിയന്ത്രിക്കാൻ നിയമനിർമ്മാണം നടത്തണമെന്നും കഴിഞ്ഞ വർഷം ജൂലൈയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോടാവശ്യപ്പെട്ടിരുന്നു.