നാളെ എല്ലാ കണ്ണുകളും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയിലേക്ക്; കാത്തിരിക്കുന്നത് ചരിത്രനേട്ടം

single-img
26 June 2019

ലോകകപ്പില്‍ നാളെ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ നേരിടാനിറങ്ങുമ്പോള്‍ എല്ലാ കണ്ണുകളും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയിലേക്കായിരിക്കും. ആ ബാറ്റില്‍ നിന്ന് 37 റണ്‍സ് പിറന്നു കിട്ടാനുള്ള കാത്തിരിപ്പാകുമത്. കാരണം മറ്റൊന്നുമല്ല, അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും വേഗതയില്‍ 20000 റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിക്കാന്‍ കോഹ്‌ലിക്ക് മുമ്പില്‍ 37 റണ്‍സിന്റെ ദൂരം മാത്രമാണുള്ളത്.

131 ടെസ്റ്റുകളും 223 ഏകദിനങ്ങളും 62 ട്വന്റി 20 മത്സരങ്ങളും ഉള്‍പ്പെടെ 416 ഇന്നിങ്‌സുകളാണ് കോഹ്ലി പൂര്‍ത്തിയാക്കിയത്. ഈ നേട്ടം സ്വന്തമാക്കുന്നതോടെ നിലവില്‍ ഈ റേക്കോര്‍ഡില്‍ ഒന്നാമതുള്ള ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിനേയും ബ്രയന്‍ ലാറയേയും കോഹ്‌ലി മറി കടക്കും.

സച്ചിനും(34,357 റണ്‍സ്)ദ്രാവിഡിനും(24,208) ശേഷം ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാനുമാവും. ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരെ 18 റണ്‍സെടുത്ത് പുറത്തായ കോഹ്‌ലി ഓസ്‌ട്രേലിയക്കെതിരെ 82 ഉം പാക്കിസ്ഥാനെതിരെ 77 ഉം അഫ്ഗാനെതിരെ 67ഉം റണ്‍സടിച്ച് മികവ് കാട്ടിയിരുന്നു.

ലോകകപ്പിനിടെ ഏകദിനത്തില്‍ കോഹ്‌ലി 11,000 ക്ലബിലെത്തിയിരുന്നു. ഏറ്റവും വേഗത്തില്‍ ഈ നേട്ടം സ്വന്തമാക്കിയ കോഹ്‌ലി മറികടന്നതും സച്ചിനെയാണ്. 11000 റണ്‍സെടുക്കാന്‍ സച്ചിന് 276 ഇന്നിംഗ്‌സ് വേണ്ടിവന്നപ്പോള്‍ 222ാം ഇന്നിംഗ്‌സില്‍ കോഹ്‌ലി ഈ നേട്ടം സ്വന്തമാക്കി.