ജയിലില്‍ നിന്ന് കൊടിസുനിയുടെ ക്വട്ടേഷന്‍; ഖത്തറിലെ പ്രവാസി വ്യവസായിയെ ഭീഷണിപ്പെടുത്തുന്ന സംഭാഷണം പുറത്ത്

single-img
26 June 2019

തിരുവനന്തപുരം: ജയിലില്‍നിന്ന് സ്വര്‍ണക്കടത്തിന് ക്വട്ടേഷന്‍ നല്‍കുന്ന ടി.പി വധക്കേസ് പ്രതി കൊടി സുനിയുടെ ഫോണ്‍ സംഭാഷണം പുറത്ത്. രേഖയില്ലാതെ സ്വര്‍ണം വാങ്ങണമെന്ന് ആവശ്യപ്പെട്ട് ഖത്തറിലെ വ്യാപാരിയെ ഭീഷണിപ്പെടുത്തുന്ന സന്ദേശമാണ് പുറത്തുവന്നത്. ഖത്തറിലെ ജ്വല്ലറി ഉടമയും ലീഗ് പ്രതിനിധിയുമായ മജീദ് കൊഴിശേരിയേയാണ് കൊടി സുനി ഭീഷണിപ്പെടുത്തിയത്.

സുനിയുടെ സുഹൃത്തിന്റെ കൈവശമുള്ള സ്വര്‍ണം രേഖയില്ലാതെ വാങ്ങാന്‍ വിസമ്മതിച്ചതാണ് ഭീഷണിക്ക് കാരണമെന്ന് മജീദ് പറഞ്ഞു. കഴിഞ്ഞമാസം ഇരുപതിനാണ് കൊടിസുനി ആദ്യം വിളിച്ചത്. കണ്ണൂരിലെ സുഹൃത്തിന്റെ കൈവശം സ്വര്‍ണമുണ്ടെന്നും മജീദിന് വാങ്ങാന്‍ താല്‍പര്യമുണ്ടെങ്കില്‍ അറിയിക്കുവാനും പറഞ്ഞു.

കൃത്യമായ രേഖകളുണ്ടെങ്കില്‍ വാങ്ങാമെന്നായിരുന്നു മജീദിന്റെ നിലപാട്. അടുത്തദിവസം വിളിച്ച് നിര്‍ബന്ധമായും സ്വര്‍ണം വാങ്ങണമെന്ന് സുനി ആവശ്യപ്പെട്ടു. ഈ വിവരം മജീദ് ഖത്തര്‍ പൊലീസില്‍ അറിയിച്ചതോടെയാണ് ഭീഷണിയെത്തിയത്. വിദേശത്തെ കച്ചവടം പൂട്ടിക്കുന്നതിനൊപ്പം കുടുംബാംഗങ്ങളെയും ജീവിക്കാന്‍ അനുവദിക്കില്ലെന്ന് കൊടി സുനി ഭീഷണിയില്‍ ആവര്‍ത്തിച്ചു.

നിയമപരമായി നേരിടുമെന്ന് അറിയച്ചതോടെ വിളി മൂന്ന് തവണയിലൊതുങ്ങി. സംഭവത്തില്‍ മജീദിന്റെ കുടുംബം താമരശേരി ഡി.വൈ.എസ്.പിക്ക് പരാതി നല്‍കും. ഫോണില്‍ വിളിച്ചതായിപ്പറയുന്ന ദിവസം കൊടി സുനി വിയ്യൂര്‍ ജയിലിലാണുള്ളത്. അങ്ങനെയെങ്കില്‍ വിളിയെത്തിയത് ജയിലില്‍ നിന്നാണ്. വിളിയുടെ ആധികാരികത ജയില്‍ അധികൃതരും പരിശോധിക്കും.

ഖത്തറില്‍നിന്ന് കേരളത്തിലേക്ക് കടത്തുന്ന സ്വര്‍ണം ഇടനിലക്കാരെന്ന വ്യാജേന എയര്‍പോര്‍ട്ടില്‍നിന്ന് കൈക്കലാക്കി അവിടെത്തന്നെ മറിച്ചുവില്‍ക്കുന്ന സംഘവുമായാണ് കൊടിസുനിക്ക് ബന്ധമുള്ളത്. ഇവരാണ് സ്വര്‍ണവുമായി മജീദിനെ സമീപിച്ചത്.

ഒന്നുകില്‍ ഈ സ്വര്‍ണം വാങ്ങുകയോ അല്ലെങ്കില്‍ ഖത്തറില്‍നിന്ന് മറ്റെവിടേക്കെങ്കിലും കടത്താനുള്ള സൗകര്യം ചെയ്തുതരണമെന്നുമായിരുന്നു സംഘത്തിന്റെ ആവശ്യം. ഖത്തര്‍ നിയമപ്രകാരം സ്വര്‍ണം വാങ്ങാന്‍ തിരിച്ചറിയില്‍ രേഖകള്‍ ആവശ്യമാണ്. ഇത് ഇല്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് മജീദ് സ്വര്‍ണം വാങ്ങാന്‍ വിസമ്മതിച്ചു. ഇതോടെയാണ് കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ കൂടിയായ മജീദിനുനേരെ ഭീഷണിയുണ്ടായത്.