മലയാളിക്ക് മനസ്സില്ല, ഇതരസംസ്ഥാനക്കാർക്ക് അതുണ്ട്; കുട്ടനാട്ടിൽ ഇനി നെല്ല് വിതയക്കൽ മുതൽ കൊയ്യൽ വരെ ഇതരസംസ്ഥാന തൊഴിലാളികൾ

single-img
26 June 2019

കുട്ടനാടൻ പാടശേഖരങ്ങളിൽ ഇനി അന്യഭാഷാ ഞാറ്റുപാട്ടുകളും മുഴങ്ങും. നെല്ലു വിതയ്ക്കാനും ഞാറു നടാനും കളപറിക്കാനും കൊയ്യാനും ഇനി അന്യസംസ്ഥാനത്തൊഴിലാളികളും ഇറങ്ങും. നാട്ടിലെ തൊഴിലാളിക്ഷാമം കാരണം പ്രതിസന്ധിയിലായിരുന്ന കുട്ടനാട്ടിൽ കഴിഞ്ഞ കൊയ്ത്തുകാലത്ത് ഇതര സംസ്ഥാന തെഴിലാളികൾ നെല്ല് ചുമക്കാനെത്തിയതോടെയാണ് കർഷകർക്ക് പുതിയ മാർഗ്ഗം തുറന്നു കിട്ടിയത്. 

Support Evartha to Save Independent journalism

നിലവിൽ പൊങ്ങംപ്ര പാടശേഖരത്തിൽ വരമ്പ് കുത്താനും ചാലെടുക്കാനുമെത്തിയത് ഇതരസംസ്ഥാന തൊഴിലാളികളാണ്. പാടത്തെ പണിക്ക് ഇപ്പോൾ തൊഴിലാളികളെ കിട്ടാൻ പ്രയാസമാണെന്ന് കർഷകർ ചൂണ്ടിക്കാട്ടിയിട്ട് കാലങ്ങളേറെയായി. തൊഴിലുറപ്പ് പദ്ധതി വന്നതോടെ സ്ത്രീ തൊഴിലാളികളെ തീരെ കിട്ടാതായതോടെയാണ് അവസാന വഴിയുമടഞ്ഞത്.  പാടത്ത് ചെയ്യുന്നതിനേക്കാൾ ആയാസരഹിതമായ ജോലിയും നല്ലകൂലിയും ലഭിക്കുന്നതുകൊണ്ടാണ് സ്ത്രീകൾക്ക് തൊഴിലുറപ്പിനോട് താത്പര്യപ്പെടുന്നത്. 

കുട്ടനാട്ടിൽ കൊയ്ത്ത് യന്ത്രം ആദ്യമായി വന്നപ്പോഴുണ്ടായ തരത്തിലുള്ള പ്രതിഷേധം അന്യദേശ തൊഴിലാളികൾ പാടത്ത് ജോലിക്കിറങ്ങിയപ്പോൾ ഉണ്ടായില്ല. ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കാതെ കാർഷിക മേഖല പ്രതിസന്ധിയിലായതുകൊണ്ടാണ് തൊഴിലാളി യൂണിയനുകൾ ഇക്കാര്യത്തിൽ മൗനം കൈക്കൊണ്ടതെന്ന് കർഷകർ പറയുന്നു.

പാടത്തെ ആറു മണിക്കൂർ പണിക്ക് ഒരു ദിവസം ആണാളിന് കൂലി 800രൂപയും പെണ്ണാളിന് 400രൂപയുമാണ്. ഇതേസമയം അന്യസംസ്ഥാനക്കാരായ ആൺ തൊഴിലാളിക്ക് 400- 500 രൂപയാണ് പാടത്തെ ജോലിക്ക് ദിവസക്കൂലി. 
അന്യസംസ്ഥാന തൊഴിലാളികൾക്ക് കൂലി കുറവാണ്. മാത്രമല്ല ഇവർ കൂടുതൽ സമയം ജോലിചെയ്യുന്നതുമാണ് കർഷകർ ഇവരെ ആശ്രയിക്കാൻ കാരണം. അന്യദേശക്കാർ ഈ തൊഴിലിലേക്ക് താത്പര്യം കാണിക്കുന്നത് നല്ല കാര്യമാണെന്നും തൊഴിലാളി ക്ഷാമത്തിന് പരിഹാരമാവുമെന്നും തൊഴിലാളി സംഘടനകളും അഭിപ്രായപ്പെടുന്നു.