ജേക്കബ് തോമസ് ഐപിഎസ് ബിജെപിയിലേക്ക്

single-img
26 June 2019

മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഐപിഎസ് ബിജെപിയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയില്‍ ബിജെപി ദേശീയ നേതൃത്വവുമായി ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നു. ബിജെപി ദേശീയ സഹസംഘടന സെക്രട്ടറി ബി എല്‍ സന്തോഷുമായാണ് പാര്‍ട്ടിയില്‍ ചേരുന്നത് സംബന്ധിച്ച് ജേക്കബ് തോമസ് ചര്‍ച്ച നടത്തിയത്. കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന ആര്‍എസ്എസ് നേതാവിനൊപ്പമായിരുന്നു കൂടിക്കാഴ്ച.

ഡല്‍ഹിയില്‍ ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന് ജേക്കബ് തോമസ് ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. എന്നാല്‍ അതേക്കുറിച്ച് കൂടുതല്‍ പ്രതികരണങ്ങള്‍ നടത്താന്‍ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയപ്രവേശം തന്നെയാണ് തന്റെ ലക്ഷ്യമെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ വെളിപ്പെടുത്തിയതാണെന്നും വി.ആര്‍.എസിന് അപേക്ഷിച്ചത് കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ നിന്ന് മത്സരിക്കാനായിരുന്നുവെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.

നിലവില്‍ കാത്തിരിക്കാനുള്ള നിര്‍ദ്ദേശമാണ് ബിജെപി നേതൃത്വത്തില്‍ നിന്നും ജേക്കബ് തോമസിന് കിട്ടിയത്. അനുകൂല സാഹചര്യം വരുമ്പോള്‍ ഔദ്യോഗികമായി അംഗത്വം സ്വീകരിക്കാനാണ് നിര്‍ദ്ദേശം. അതേസമയം ബിജെപി സംസ്ഥാന നേതൃത്വത്തിന് ജേക്കബ് തോമസിന്റെ പാര്‍ട്ടി പ്രവേശനവുമായി ബന്ധപ്പെട്ട് അറിവൊന്നുമില്ല. ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ് നേതാവും ബി എല്‍ സന്തോഷുമാണ് കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 20 20 സ്ഥാനാര്‍ത്ഥിയായി ചാലക്കുടിയില്‍ മത്സരിക്കാന്‍ ജേക്കബ് തോമസ് രംഗത്ത് വന്നിരുന്നു. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ അത് നടന്നില്ല. തുടര്‍ന്നാണ് ബിജെപിയുമായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ രണ്ടാമത് അധികാരത്തില്‍ വന്നതും ബിജെപിയോടടുക്കാന്‍ ജേക്കബ് തോമസിനെ പ്രേരിപ്പിച്ചിട്ടുണ്ട്. കേരളത്തില്‍ പിണറായി സര്‍ക്കാരുമായും കോണ്‍ഗ്രസുമായും തുറന്ന പോരിലാണ് ജേക്കബ് തോമസ്.

മുതിര്‍ന്ന ഐ.പി.എസ്. ഉദ്യോഗസ്ഥനും മുന്‍ വിജിലന്‍സ് ഡയറക്ടറുമായ ജേക്കബ് തോമസ് നിലവില്‍ സസ്‌പെന്‍ഷനിലാണ്. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ക്രമക്കേടുകള്‍ നടന്നതിന്റെ പേരിലുള്ള അന്വേഷണത്തിലാണ് അദ്ദേഹത്തെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. നേരത്തെ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് സംസാരിച്ചതിനും ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.