നിങ്ങള്‍ നരേന്ദ്രമോദിക്ക് വോട്ട് ചെയ്തവരല്ലേ..? ഞാന്‍ എന്തിന് നിങ്ങളുടെ പ്രശ്നങ്ങൾ കേൾക്കണം?; ജനസമ്പര്‍ക്ക പരിപാടിയില്‍ ജനങ്ങളോട് കുമാരസ്വാമി

single-img
26 June 2019

ജനസമ്പര്‍ക്ക പരിപാടിയില്‍ പ്രതിഷേധവുമായി എത്തിയവരോട് കുപിതനായി കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. പ്രധാനമന്ത്രിയാകാന്‍ നരേന്ദ്രമോദിക്ക് വോട്ട് ചെയ്തവരുടെ പരാതി താനെന്തിന് കേള്‍ക്കണമെന്ന് ചോദിച്ചാണ് ജനങ്ങളോട് കുമാരസ്വാമി കയര്‍ത്തുസംസാരിച്ചത്.

Support Evartha to Save Independent journalism

“നിങ്ങള്‍ എല്ലാവരും നരേന്ദ്രമോദിക്ക് വോട്ട് ചെയ്തവരല്ലേ..? ഇപ്പോള്‍ എന്‍റെ അടുത്ത് വന്നിരിക്കുന്നു. ഞാന്‍ എന്തിന് നിങ്ങളുടെ പ്രശ്നങ്ങൾ കേൾക്കണം. നിങ്ങളോടെനിക്ക് ഒരു ബഹുമാനവുമില്ല. പോലീസ് ലാത്തിച്ചാർജിന് ഉത്തരവിടണോ?”- മുഖ്യമന്ത്രിക്ക് പരാതി നല്‍കാനെത്തിയ റായ്ചൂര്‍ താപനിലയത്തിലെ ജീവനക്കാരോട് കുമാരസ്വാമി ചോദിച്ചു.

സംസ്ഥാനത്ത് മുഖ്യമന്ത്രി ഗ്രാമങ്ങളിൽ താമസിച്ച് ജനങ്ങളുടെ പരാതികൾ സ്വീകരിക്കുന്ന പരിപാടിയുടെ ഭാഗമായി റായിച്ചൂരിൽ എത്തിയതായിരുന്നു കുമാരസ്വാമി. പൊതുവാഹനമായ കെഎസ്ആർടിസി ബസിൽ സഞ്ചരിച്ച് ജനങ്ങളുമായി സംവദിക്കുന്നതിനിടെയാണ്, തങ്ങളെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്നാരോപിച്ച് താപനിലയത്തിലെ ജീവനക്കാർ മുഖ്യമന്ത്രിയെ തടഞ്ഞത്.