ഇവിടെ കേരളത്തില്‍ മാത്രമല്ല ഗള്‍ഫിലും സ്വര്‍ണ്ണത്തിന് പൊള്ളുന്ന വിലയാണ്

single-img
26 June 2019

ഇവിടെ കേരളത്തില്‍ മാത്രമല്ല ഗള്‍ഫിലും സ്വര്‍ണ്ണത്തിന് പൊള്ളുന്ന വിലയാണ്. കഴിഞ്ഞ ഏഴ് വര്‍ഷത്തെക്കാളും ഉയര്‍ന്ന നിലവാരമായിരുന്നു ഇന്നലെ ഗള്‍ഫിലെ സ്വര്‍ണ്ണ വില. സാധാരണയായി നാട്ടിലേക്ക് വരുന്ന പ്രവാസികള്‍ ഈ സമയത്ത് കുറച്ച് സ്വര്‍ണ്ണം വാങ്ങുന്നത് പതിവായിരുന്നെങ്കില്‍ ഇക്കുറി നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ തൽക്കാലം സ്വര്‍ണം വാങ്ങേണ്ടെന്ന നിലപാടിലാണ്.

ഈ സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ സ്വര്‍ണവിപണിയില്‍ കാര്യമായ മന്ദത അനുഭവപ്പെടുകയാണെന്ന് വ്യാപാരികള്‍ പറയുന്നു. 22 ക്യാരറ്റ് സ്വര്‍ണ്ണത്തിന് 163.50 ദിര്‍ഹമായിരുന്നു ചൊവ്വാഴ്ച ദുബായിലെ വില. അതേപോലെ 24 ക്യാരറ്റിന് 174 ദിര്‍ഹവും 21 ക്യാരറ്റിന് 156 ദിര്‍ഹവും വിലയുണ്ട്. കഴിഞ്ഞ നാല് ആഴ്ചയില്‍ മാത്രം 10 ശതമാനം വില വര്‍ധിച്ചിരുന്നു.

വിപണിയില്‍ അമേരിക്കന്‍ ഡോളറിന്‍റെ മൂല്യം ഇടിയുന്നതിന് പുറമെ അമേരിക്കയും ഇറാനും പശ്ചിമേഷ്യയില്‍ സംഘര്‍ഷത്തിലേക്ക് നീങ്ങുന്നതും അമേരിക്കന്‍ കേന്ദ്ര ബാങ്കിന്‍റെ നടപടികള്‍ പ്രതീക്ഷിക്കുന്നതും ആഗോളതലത്തിലെ വില വര്‍ദ്ധനവിന് കാരണമായി പറയുന്നു. ഓരോ ദിവസവും വില വര്‍ദ്ധിക്കുന്നതിനാല്‍ സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ തല്‍ക്കാലത്തേക്ക് മാറ്റിവെയ്ക്കുകയോ അല്ലെങ്കില്‍ വിലയിലെ മാറ്റം നിരീക്ഷിക്കുകയോ ചെയ്യുകയാണെന്ന് ഗള്‍ഫിലെ വ്യാപാരികള്‍ പറയുന്നു.

ഇനി കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞും സ്വര്‍ണ്ണ വില വീണ്ടും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയോ അല്ലെങ്കില്‍ സ്ഥിരമായി നില്‍ക്കുകയോ ചെയ്യുമെങ്കില്‍ തല്‍ക്കാലം വില കുറയില്ലെന്ന ധാരണയില്‍ വിപണി വീണ്ടും സജീവമാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.