മത്സ്യങ്ങളില്‍ ഫോര്‍മാലിന്‍ ആകാമെന്ന് ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് ഇന്ത്യ; രാസവസ്തുക്കള്‍ അടങ്ങിയ മത്സ്യം തടയാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിന് തിരിച്ചടി

single-img
26 June 2019

വിഷ അംശമുള്ള രാസവസ്തുക്കളടങ്ങിയ മത്സ്യം വിപണിയില്‍ എത്തുന്നത് തടയുവാന്‍ സംസ്ഥാന സർക്കാർ ആരംഭിച്ച ‘ഓപ്പറേഷൻ സാഗർ റാണി പദ്ധതി’ക്ക് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ തീരുമാനം തിരിച്ചടിയാകുന്നു. മത്സ്യങ്ങള്‍ കേടുകൂടാതെ ദിവസങ്ങളോളം സൂക്ഷിക്കാൻ ഫോർമലിൻ ഉപയോഗിക്കുന്നെന്ന കണ്ടെത്തലുകളെ തുടർന്ന് പരിശോധന കർശനമാക്കിയപ്പോഴാണ് മീനിൽ ഫോർമലിന്റെ അളവ് ആകാമെന്നുള്ള ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നത്.

മത്സ്യങ്ങളില്‍ സ്വാഭാവികമായി തന്നെ ഫോർമാലിൻ ഉൽപാദിക്കപ്പെടാറുണ്ടെന്നും കടൽമീനിൽ ഒരു കിലോ മീനിൽ 100 മില്ലി ഗ്രാമും ശുദ്ധജലമത്സ്യത്തിൽ 4 മില്ലി ഗ്രാമും വരെ ഫോർമലിൻ ആകാമെന്നുമാണ് റിപ്പോർട്ടിലുള്ളത്. മത്സ്യത്തില്‍ അടങ്ങിയിട്ടുള്ള ഫോർമലിന്റെ അളവ് സംബന്ധിച്ച് നിജസ്ഥിതി വ്യക്തമാക്കണമെന്ന് ഗോവ ഹൈക്കോടതി കേന്ദ്രസർക്കാരിനോട് നിർദേശിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് തയാറാക്കിയത്.

ഈ റിപ്പോര്‍ട്ട് വന്നതോടെ ഫോർമലിൻ ഉള്ള മത്സ്യംകണ്ടുപിടിച്ചാലും നടപടികൾക്കുള്ള സാധ്യത മങ്ങി.
അഥവാ ഫോർമലിൻ കണ്ടെത്തിയ മത്സ്യം പരിശോധനയ്ക്ക് എടുത്താലും മീനിൽ ഉണ്ടാകുന്ന സ്വാഭാവിക ഫോർമലിൻ ആണോ പുറത്തുനിന്നു ചേർത്ത ഫോർമാലിൻ ആണോയെന്ന് കണ്ടുപിടിക്കാൻ സംസ്ഥാന സർക്കാരിന്റെ പരിശോധനാ ലാബുകളിൽ സംവിധാനമില്ല. കേരളത്തില്‍ ആകെയുള്ളത് കൊച്ചിയിൽ കേന്ദ്ര സർക്കാർ സ്ഥാപനമായ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയാണ്. ഇവിടെയാണെങ്കില്‍10 ദിവസമെങ്കിലും കഴിഞ്ഞേ ഫലം കിട്ടൂ.