വനിതാമതിലിൻ്റെ പിറ്റേന്നുതന്നെ യുവതികൾ ശബരിമലയിൽ കയറിയത് തിരിച്ചടിയായെന്ന് സിപിഎം

single-img
26 June 2019

ശബരിമല ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചെന്ന് സിപിഎം തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്. വനിതാമതിലിന് ശേഷം ശബരിമലയില്‍ യുവതികള്‍ കയറിയത് ജനങ്ങളിൽ പ്രതികൂല വികാരമുണ്ടാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. ജനങ്ങളുടെ മനസ്സ് മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടത് ഗൗരവകരമായെന്നും ശബരിമല വിഷയം ബിജെപിയും യുഡിഎഫും ഉപയോഗിച്ചെന്നും സിപിഎം വിലയിരുത്തുന്നു. 

തോല്‍വിയുടെ ഉത്തരവാദിത്വം പിബിയ്ക്കും കേന്ദ്രക്കമ്മറ്റിക്കുമാണ് റിപ്പോർട്ടിൽ പറയുന്നത്. വനിതാമതിലിന്റെ പിറ്റേന്ന് തന്നെ ശബരിമലയില്‍ രണ്ടു സ്ത്രീകള്‍ പ്രവേശിച്ചത് പാര്‍ട്ടി അണികള്‍ക്കിടയില്‍ കനത്ത ആഘാതമുണ്ടാക്കി. ഇത് യുഡി‌എഫും ബിജെപിയും ഉപയോഗപ്പെടുത്തി. ഇതിനൊപ്പം ബിജെപി കേന്ദ്രത്തിൽ വീണ്ടും സർക്കാർ രൂപീകരിക്കുമെന്ന ഭയം മതനിരപേക്ഷ മനസ്സുകളിൽ യുഡിഎഫിന‌് അനുകൂലമായി ചുവടുമാറ്റത്തിന‌് കാരണമാക്കിയെന്നും റിപ്പോർട്ടിലുണ്ട്. 

സിപിഎമ്മിനെ തോൽപ്പിക്കാന്‍ യു‍ഡിഎഫിന് ബിജെപി വോട്ട് മറിച്ചിട്ടും ബിജെപിയുടെ വോട്ട് ശതമാനം കൂടിയത് ആശങ്കയുയർത്തുന്നുവെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു. ജനങ്ങളുടെ മനസ്സ് മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടത് ഗൗരവകരമാണെന്നും തോല്‍വിയുടെ ഉത്തരവാദിത്വം പിബിയും കേന്ദ്രക്കമ്മറ്റിയും ഏറ്റെടുക്കണമെന്നും പറഞ്ഞിട്ടുണ്ട്. ജനങ്ങളെ തിരിച്ചുപിടിക്കാൻ ശക്തമായ രാഷ‌്ട്രീയ ഇടപെടല്‍ ആവശ്യമാണ്. ജനങ്ങൾ അകന്നതും പരമ്പരാഗത വോട്ടിൽ ഒരുഭാഗത്തിന്റെ വിട്ടുപോകലും മനസ്സിലാക്കാൻ ആഴത്തിലുള്ള അവലോകനം ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.