ഒടുവിൽ മലയാളികളും കെെവിട്ടു; രാജ്യത്ത് ലാഭത്തിലുണ്ടായിരുന്ന കേരള ബി.എസ്എൻഎൽ സർക്കിളും നഷ്ടത്തിൽ: പ്രവർത്തിക്കാത്തത് 140 ടവറുകൾ

single-img
26 June 2019

രാജ്യത്ത് ലാഭത്തിലുണ്ടായിരുന്ന ഏക ബിഎസ്എൻഎൽ. സർക്കിളായിരുന്ന കേരളവും നഷ്ടത്തിലായതായി റിപ്പോർട്ടുകൾ. രണ്ടായിരത്തിൽ കമ്പനിയായശേഷം ഒരിക്കൽപ്പോലും നഷ്ടമുണ്ടാക്കാതിരുന്ന കേരള സർക്കിളിന് 2018-19 വർഷത്തെ നഷ്ടം 261 കോടി രൂപയാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

Support Evartha to Save Independent journalism

അവസാനഘട്ടത്തിൽ ഒഡിഷയും ജമ്മുവും ലാഭമുണ്ടാക്കിയിരുന്നെങ്കിലും അവരേക്കാൾ ഏറെ മുന്നിലായിരുന്നു കേരളം. അഞ്ചുകോടിക്കടുത്ത് ഒഡിഷയും ജമ്മുവും ലാഭമുണ്ടാക്കിയപ്പോൾ കേരളത്തിന്റെ ലാഭം 200 കോടിയോളം രൂപയായിരുന്നു. ബഹുദൂരം മുന്നിൽനിന്ന കേരളത്തെ നഷ്ടത്തിലേക്ക് പതിപ്പിച്ചത് വരുമാനത്തിലുണ്ടായ കുറവാണെന്നും റിപ്പോർട്ടിലുണ്ട്. 

രാജ്യത്ത് ആദ്യമായി 4-ജി തുടങ്ങിയ സ്വകാര്യകമ്പനി ഗണ്യമായ തോതിൽ താരിഫ് നിരക്കുകൾ കുറച്ചതാണ് ബിഎസ്എൻഎല്ലിന് വിനയായത്. ഇതോടെ താരിഫ് നിരക്കുകൾ വെട്ടിക്കുറയ്ക്കാൻ ബിഎസ്എൻഎല്ലും നിർബന്ധിതരായി.

നഷ്ടത്തിലായെങ്കിലും ഇപ്പോഴും കേരളത്തിലെ 30 ശതമാനം വിപണിവിഹിതം ബിഎസ്എൻഎല്ലിനാണ്. ബ്രോഡ്ബാൻഡ് നിരക്കുകളിലും ബി.എസ്.എൻ.എല്ലിന് വൻകുറവ് വരുത്തേണ്ടിവന്നു. 600 രൂപയ്ക്കുവരെ കൊടുത്തിരുന്ന ബ്രോഡ്ബാൻഡ് 99 രൂപയ്ക്കുവരെ കൊടുക്കേണ്ട സ്ഥിതിയാകുകയും ചെയ്തു. മാത്രമല്ല 4ജി സ്പെക്ട്രം അനുവദിക്കാത്തതും തിരിച്ചടിയായതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

ബിഎസ്എൻഎല്ലിന്റെ ഉടമസ്ഥതയിലുള്ള മൂവായിരത്തോളം ടവറുകളിൽ 140 എണ്ണം പ്രവർത്തനരഹിതമാണെന്നാണ് അനൗദ്യോഗികവിവരം. ഇതിൽ പലതും തകരാറിലാണ്. നന്നാക്കാൻ കരാറുകാർ തയ്യാറാവുന്നില്ല. ചില ടവറുകളിൽ ജനറേറ്ററുകളും പ്രവർത്തിക്കുന്നില്ല. ടവറുകൾ പ്രവർത്തിക്കാതിരുന്നാൽ ആ ഭാഗത്ത് സിഗ്നലുകൾ കിട്ടില്ലെന്നും ജീവനക്കാർ പറയുന്നു.