അട്ടക്കുളങ്ങര ജയിലില്‍ നിന്നും വനിതാ തടവുകാര്‍ രക്ഷപ്പെട്ടത് പുറകുവശത്തെ മതില്‍ ചാടി; ദൃശ്യങ്ങള്‍ പുറത്ത്

single-img
26 June 2019

തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്ന് രണ്ടു തടവുകാരികള്‍ രക്ഷപ്പെട്ടത് പുറകുവശത്തെ മതില്‍ ചാടിയാണെന്ന് കണ്ടെത്തി. പ്രതികള്‍ രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. മോഷണക്കേസ് പ്രതികളായ വര്‍ക്കല സ്വദേശിനി സന്ധ്യ, പാങ്ങോട് സ്വദേശിനി ശില്‍പ്പ എന്നിവരാണ് ഇന്നലെ വൈകീട്ടോടെ ജയില്‍ ചാടിയത്.

അന്തേവാസികളെ തിരികെ സെല്ലിലേക്കു പ്രവേശിപ്പിക്കുന്നതിനിടയിലാണു രണ്ടു പേര്‍ രക്ഷപ്പെട്ട വിവരം ജീവനക്കാര്‍ അറിഞ്ഞത്. തുടര്‍ന്നു ജയില്‍ ഡിജിപി ഋഷിരാജ് സിങ്, ഡിഐജി സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ സ്ഥലത്ത് എത്തി. സംസ്ഥാനത്ത് ആദ്യമായാണ് വനിതാ തടവുകാര്‍ ജയിലില്‍ നിന്നും രക്ഷപ്പെടുന്നത്.

ജയിലിനു പുറകിലായി മാലിന്യം ഇടുന്ന സ്ഥലം വഴി ചാടി രക്ഷപ്പെടുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇവര്‍ ജില്ല വിട്ടതായാണ് പൊലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. ഷാഡോ പൊലീസും സ്‌പെഷല്‍ ബ്രാഞ്ചും തിരച്ചില്‍ ശക്തമാക്കി. റെയില്‍വെ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും ഫോട്ടോകള്‍ നല്‍കിയതായി സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജയില്‍ ജീവനക്കാരുടെ അനാസ്ഥയാണ് തടവുകാര്‍ രക്ഷപ്പെടാന്‍ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

ദിവസങ്ങളായി പദ്ധതി തയ്യാറാക്കിയാണ് രണ്ടു പേരും രക്ഷപ്പെട്ടതെന്നു അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ജയില്‍ ജീവനക്കാരുടെ സഹായവും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടോയെന്നു പരിശോധിക്കുമെന്നു ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചൊവ്വാഴ്ച വൈകിട്ടോടെ വനിതാ തടവുകാര്‍ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.