ടിഡിപിക്ക് വീണ്ടും തിരിച്ചടി: മുതിര്‍ന്ന നേതാവ് അംബിക കൃഷ്ണ ബിജെപിയില്‍ ചേര്‍ന്നു; ബംഗാളില്‍ തൃണമൂല്‍ എം.എല്‍.എയും 10 ജില്ലാപഞ്ചായത്തംഗങ്ങളും ബി.ജെ.പിയില്‍

single-img
25 June 2019

നാല് രാജ്യസഭാ എംപിമാര്‍ക്ക് പിന്നാലെ പ്രമുഖ നേതാവ് അംബിക കൃഷ്ണയും ടിഡിപി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ടിഡിപി എംഎല്‍എമാരില്‍ നല്ലൊരു പങ്കും പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആന്ധ്രയില്‍ ബിജെപിക്ക് എംഎല്‍എമാരോ എംപിമാരോ ഇല്ല.

175 അംഗ സഭയില്‍ 23 എംഎല്‍എമാരാണ് ടിഡിപിക്കുള്ളത്. ഇതില്‍ 14 പേര്‍ വൈകാതെ ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. എന്‍ഡിഎ വിട്ട ചന്ദ്രബാബു നായ്ഡുവിന്റെ തീരുമാനത്തിലും പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമാണ്.

അതിനിടെ, പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എയും 10 ജില്ലാ പഞ്ചായത്ത് അംഗങ്ങളും ബി.ജെ.പിയില്‍ ചേര്‍ന്നു. തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ വില്‍സണ്‍ ചംപ്രമാരി, സൗത്ത് ദിനജ്പുര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ലിപികാ റോയ്, ഒമ്പത് പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.

പ്രസിഡന്റ് ഉള്‍പ്പെടെ 10 അംഗങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടിയിലേക്ക് മാറിയതോടെ ദിനജ്പുര്‍ ജില്ലാ പഞ്ചായത്ത് ബി.ജെ.പിയുടെ അധികാരത്തില്‍ എത്തി. ഇതോടെ ദിനജ്പുര്‍ ബംഗാളില്‍ പ്രതിപക്ഷം ഭരിക്കുന്ന ഏക ജില്ലാ പഞ്ചായത്തായി. 2018 ല്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 22 ജില്ലാ പഞ്ചായത്തുകളും തൃണമൂല്‍ കോണ്‍ഗ്രസ് തൂത്തുവാരിയിരുന്നു.

തൃണമൂല്‍ മുന്‍ എം.എല്‍.എയും സൗത്ത് ദിനജ്പുര്‍ യൂനിറ്റ് മുന്‍ അധ്യഷനുമായ ബിപ്ലവ് മിത്രയും ബി.ജെ.പിയിലേക്ക് ചുവടുമാറിയിട്ടുണ്ട്. അടുത്തിടെയായി ബി.ജെ.പിയിലേക്ക് ചുവടുമാറിയ അഞ്ചാമത് തൃണമൂല്‍ എം.എല്‍.എയാണ് വില്‍സണ്‍. തൃണമൂല്‍ നേതാക്കളുടെ കൂട്ട ചുവടുമാറ്റം വെറും ട്രെയിലര്‍ മാത്രമാണെന്നും സിനിമ പിറകെ വരുമെന്നും നേരത്തെ പാര്‍ട്ടി വിട്ട നേതാവ് മുകുള്‍ റോള്‍ പ്രതികരിച്ചിരുന്നു.