‘എന്ത് മൗലികാവകാശ ലംഘനമാണ് ഇവിടെ നടക്കുന്നത്’; കോണ്‍ഗ്രസിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

single-img
25 June 2019

ഗുജറാത്തില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് വ്യത്യസ്ത ദിവസങ്ങളില്‍ നടത്താനുള്ള ബി.ജെ.പി നീക്കത്തിനെതിരായ കോണ്‍ഗ്രസിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചതിനാല്‍ കോടതിക്ക് ഇടപെടാനാവില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി പരാതി തള്ളിയത്. എന്ത് മൗലികാവകാശ ലംഘനമാണ് ഇവിടെ നടക്കുന്നതെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്നയും ബി.ആര്‍ ഗവായ്‌യും അടങ്ങിയ സുപ്രീംകോടതി ബെഞ്ച് ചോദിച്ചു.

ജൂലായ് അഞ്ചിന് രണ്ട് ഘട്ടമായി തിരഞ്ഞെടുപ്പുകള്‍ നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്. ഗുജറാത്ത് നിയമസഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എം.എല്‍.എ.യുമായ പരേഷ് ധാനാണിയാണ് ഹര്‍ജി നല്‍കിയത്. ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷായും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ലോക്‌സഭയിലേക്ക് ജയിച്ചുകയറിയതോടെ ഒഴിവുവന്ന സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്.

രണ്ട് സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒന്നിച്ചു നടത്തിയാല്‍ ഒരു സീറ്റില്‍ കോണ്‍ഗ്രസിന് ജയിക്കാം. വ്യത്യസ്ത ഘട്ടങ്ങളിലാണ് തിരഞ്ഞെടുപ്പെങ്കില്‍ രണ്ട് സീറ്റും ബി.ജെ.പി. സ്വന്തമാക്കും. ഇതേ തുടര്‍ന്നാണ് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചത്.

അമിത് ഷാ മത്സരിച്ച ഗുജറാത്ത് ഗാന്ധിനഗറിലെ തിരഞ്ഞെടുപ്പ് ഫലം മേയ് 23നും സ്മൃതി ഇറാനിയുടെ അമേഠിയിലെ ഫലം അതിന്റെ പിറ്റേന്നുമാണ് പ്രഖ്യാപിച്ചത്. അതിനാല്‍ അമിത് ഷായുടെ സീറ്റിന്റെ ഒഴിവ് പ്രഖ്യാപിച്ചതിന്റെ പിറ്റേന്നാണ് സ്മൃതിയുടേത് പ്രഖ്യാപിച്ചത്. ഈ സാങ്കേതികത്വം പറഞ്ഞുകൊണ്ട് രാജ്യസഭാ തിരഞ്ഞെടുപ്പ് വെവ്വേറെയായി നടത്തുന്നത്.

തിരഞ്ഞെടുപ്പ് വെവ്വേറെ നടത്തുന്നത് ഭരണഘടനാവിരുദ്ധമാണെന്നു കോണ്‍ഗ്രസ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയെങ്കിലും ഇത് നിയമവിരുദ്ധമായി കാണാനാകില്ലെന്ന് കോടതി പറഞ്ഞു. തിരഞ്ഞെടുപ്പ് പരാതിയായി വേണമെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാമെന്ന് കോടതി നിര്‍ദേശിച്ചു.

കഴിഞ്ഞ ദിവസം ബിജെപിയില്‍ ഔദ്യോഗികമായി ചേര്‍ന്ന കേന്ദ്ര വിദേശ കാര്യ സഹമന്ത്രി എസ്.ജയശങ്കറും ജുഗല്‍ജി മാതൂര്‍ജിയുമാണ് ബിജെപിയുടെ രാജ്യസഭാ സ്ഥാനാര്‍ഥികള്‍.