മുത്തലാഖ് നിരോധന ബില്‍; കോൺഗ്രസ് വിശ്വാസവുമായി കൂട്ടിക്കുഴച്ച് രാഷ്ട്രീയം കളിക്കരുത്: നരേന്ദ്ര മോദി

single-img
25 June 2019

കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കുന്ന മുത്തലാഖ് നിരോധന ബില്ലിനെ കോൺഗ്രസ് പിന്തുണയ്ക്കണമെന്നും ബില്ലില്‍ വിശ്വാസവുമായി കൂട്ടിക്കുഴച്ച് രാഷ്ട്രീയം കളിക്കരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് ലോക്സഭയില്‍ നടന്ന രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിൻ മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ജനങ്ങളുടെ അഭിലാഷമാണ് നയപ്രഖ്യാന പ്രസംഗത്തിന്‍റെ ഉള്ളടക്കം. രാജ്യത്തിനെ സ്നേഹിക്കുന്ന ജനങ്ങളുടെ ഹിതമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലമെന്നും മോദി വ്യക്തമാക്കി. അതോടൊപ്പം തന്നെ കോൺഗ്രസിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. കോണ്‍ഗ്രസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് രാജ്യത്തെ തടവറയാക്കി. ഒരിക്കലും ആ കളങ്കം കോൺഗ്രസിന് മായ്ക്കാനാക്കില്ല.

ജവഹര്‍ ലാല്‍ നെഹ്റു–ഗാന്ധി കുടുംബത്തിന് പുറത്തുള്ളവരെ കോൺഗ്രസ് അംഗീകരിക്കാൻ തയാറായില്ല. പിന്നീട് വന്ന നരസിംഹറാവു, മൻമോഹൻ സിങ് എന്നിവരെ കോൺഗ്രസ് വിസ്മരിച്ചു. കോണ്‍ഗ്രസ് നേതാവ് പ്രണബ് മുഖർജിക്ക് ഭാരത രത്‌നം നൽകിയത് ബിജെപി സർക്കാർ ആണ്. കോൺഗ്രസ് എന്നത് ചരിത്രനേതാക്കളെ മറന്ന പാർട്ടിയാണ്. സ്വാതന്ത്യസമരകാലഘട്ടത്തില്‍ ഉണ്ടായിരുന്ന അതേ ഉൽസാഹമാണ് ഇപ്പോഴും വേണ്ടത്. എന്നാല്‍ ചവിട്ടി നില്‍ക്കുന്ന മണ്ണുമായുള്ള ബന്ധം പ്രതിപക്ഷത്തിന് നഷ്ടമായെന്നും മോദി കുറ്റപ്പെടുത്തി.