എംബി രാജേഷിൻ്റെ തോൽവിക്കു പിന്നിൽ സിപിഎമ്മിലെ സംഘടനാ വിഷയങ്ങൾ: സിപിഐ

single-img
25 June 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് ഇടതുമുന്നണിക്ക് ഏറ്റ തോല്‍വിക്കു പിന്നില്‍ സിപിഎമ്മിലെ സംഘടനാ പ്രശ്‌നങ്ങളുമുണ്ടെന്ന് സിപിഐ. പാലക്കാട്ടെ അപ്രതീക്ഷിത തോല്‍വിയ്ക്ക് പിന്നില്‍ പാര്‍ട്ടിയിലെ വിഭാഗീയത കാരണമായെന്ന ചര്‍ച്ച സിപിഎമ്മില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ നേതൃത്വം അതു നിഷേധിക്കുടയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ഇതേ കാരണം ചൂണ്ടിക്കാട്ടി സിപിഐ രംഗത്തെത്തുന്നത്. 

സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ച തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലാണ് ഇതു പരസ്യമാക്കിയിരിക്കുന്നത്. ”സിപിഎമ്മിന്റെ സംഘടനാപ്രശ്‌നങ്ങളും ഈ വോട്ടുചോര്‍ച്ചയ്ക്കു പിന്നിലുണ്ട്”എന്നാണ് പാലക്കാട് ജില്ലാ കൗണ്‍സിലിന്റെ അഭിപ്രായമായി സംസ്ഥാന കൗണ്‍സില്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

സംഘടനാപ്രശ്‌നമൊന്നും കാരണമായില്ലെന്നും ന്യൂനപക്ഷ ഏകീകരണമാണു വിനയായതെന്നും വിലയിരുത്തിയപ്പോഴാണ് അതു മാത്രമല്ല കാരണമെന്നു സിപിഐ അഭിപ്രായപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തോളം വോട്ടിനു സിപിഎം ജയിച്ച പാലക്കാട്ട് ഇക്കുറി യുഡിഎഫ് സ്ഥാനാര്‍ഥി വി.കെ.ശ്രീകണ്ഠന്‍ 11637 വോട്ടിനാണു സിറ്റിങ് എംപി എംബി രാജേഷിനെ പരാജയപ്പെടുത്തിയത്.