കേരളത്തിൽ അധികാര വികേന്ദ്രീകരണം ഫലപ്രദം; മലപ്പുറം ജില്ല വിഭജിക്കില്ല: ഇ പി ജയരാജൻ

single-img
25 June 2019

മുസ്ലീം ലീഗ് ഒരിക്കൽ പിൻമാറിയ മലപ്പുറം ജില്ലാ വിഭജനമെന്ന ആവശ്യവുമായി വീണ്ടും രംഗത്തെത്തിയതിനെ എതിർത്ത് മന്ത്രി ഇ പി ജയരാജൻ. ഒരു കാരണത്താലും മലപ്പുറം ജില്ല വിഭജിക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ ജയരാജൻ പുതിയ ജില്ലയുടെ രൂപീകരണം ശാസ്ത്രീയ സമീപനമല്ലെന്നും അധികാര വികേന്ദ്രീകരണം ഫലപ്രദമായി കേരളത്തിൽ നടക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.

മലപ്പുറം ജില്ലയെ വിഭജിച്ചുകൊണ്ട് പുതിയ ജില്ല രൂപികരിക്കണമെന്ന കെ എൻ എ ഖാദറിന്‍റെ നിയമസഭയിലെ ആവശ്യപ്പെടലിന് മുഖ്യമന്ത്രിയ്ക്ക് വേണ്ടി മറുപടി പറയുകയായിരുന്നു ഇ പി ജയരാജൻ. ജനസംഖ്യയ്ക്ക് അനുപാതമായ വികസനം മലപ്പുറത്തിന് ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ആവശ്യം. മുന്‍പും ഇതേ ആവശ്യവുമായി കെ എന്‍ എ ഖാദര്‍ നേരത്തെ സബ്മിഷന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും മുസ്ലിം ലീഗും യുഡിഎഫും അനുമതി നിഷേധിച്ചതോടെ പിന്‍വാങ്ങുകയായിരുന്നു.

ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ആസ്ഥാനമായി പുതിയ ജില്ല രൂപവത്കരിക്കണമെന്നതായിരുന്നു നിയമസഭയില്‍ കെഎന്‍എ ഖാദറിന്‍റെ ആവശ്യം. ഇതിന് മുന്‍പും ജില്ലയിലെ പല വേദികളിലും അദ്ദേഹം ഇക്കാര്യം പരസ്യമായി ഉന്നയിക്കുകയും ചെയ്തിരുന്നു. മുസ്ലീം ലീഗിന്‍റെ
ജില്ലാ വിഭജനം എന്ന ആവശ്യത്തിൽ യുഡിഎഫ് തീരുമാനമെടുത്തതോടെയാണ് കെ എന്‍ എ ഖാദര്‍ ശ്രദ്ധ ക്ഷണിക്കലിന് നോട്ടീസ് നല്‍കിയതെന്നാണ് സൂചന.