മലപ്പുറം ജില്ല വിഭജിക്കണമെന്ന് കെ.എന്‍.എ ഖാദര്‍ നിയമസഭയില്‍

single-img
25 June 2019

മലപ്പുറം ജില്ല വിഭജിക്കണമെന്ന് നിയമസഭയില്‍ മുസ്‌ലിം ലീഗ്. മുസ്‌ലിം ലീഗ് എം.എല്‍.എ കെ.എന്‍.എ ഖാദര്‍ ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിലൂടെയാണ് ഇക്കാര്യം സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്നാണ് ആവശ്യം.

കഴിഞ്ഞയാഴ്ച ഇതേ ആവശ്യവുമായി കെ.എന്‍.എ ഖാദര്‍ സബ്മിഷന് നോട്ടീസ് നല്‍കിയിരുന്നു. പാര്‍ട്ടിയും മുന്നണിയും അനുവദിക്കാത്തതിനാല്‍ നോട്ടീസില്‍ നിന്ന് പിന്‍മാറുകയായിരുന്നു. മലപ്പുറം ജില്ല വിഭജിക്കണമെന്ന മുസ്ലീം ലീഗിന്റെ ആവശ്യം ഏകപക്ഷീയമാണെന്ന നിലപ്പാടില്‍ യു.ഡി.എഫില്‍ തര്‍ക്കമുടലെടുത്തിരുന്നു.

യു.ഡി.എഫ് നേതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കാനുള്ള ശ്രമം കെ.എന്‍.എ ഖാദര്‍ ഉപേക്ഷിച്ചത്. ജില്ല വിഭജിക്കണമെന്ന മുസ്ലീം ലീഗിന്റെ ആവശ്യം നയപരമായ പ്രശ്‌നമാണെന്നും കൂടുതല്‍ ആലോചിച്ച ശേഷമേ തീരുമാനമെടുക്കാനാവൂ എന്നുമാണ് കോണ്‍ഗ്രസിന്റെ നിലപാട്.

ഇക്കാര്യം പരസ്യമായി പറയാന്‍ തയ്യാറല്ലെങ്കിലും വിഷയം ഇപ്പോഴും ഡി.സി.സിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് പറഞ്ഞിരുന്നു. 2015ല്‍ മലപ്പുറം ജില്ല വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് ലീഗ് പ്രമേയം പാസാക്കിയിരുന്നു. ഇക്കഴിഞ്ഞ ലീഗ് ജില്ലാ സമ്മേളനത്തിലും വിഷയം പ്രധാന്യത്തോടെ ചര്‍ച്ച ചെയ്തിരുന്നു.