കൈ കാണിച്ചിട്ടും നിര്‍ത്തിയില്ല; കല്ലട ബസിനെ പിന്തുടര്‍ന്ന് പിടികൂടി ആര്‍ടിഒ പിഴയടപ്പിച്ചു

single-img
25 June 2019

Support Evartha to Save Independent journalism

കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയ കോട്ടയം–ബെംഗളൂരു കല്ലടബസിനെ ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഏഴ് കിലോമീറ്റര്‍ പിന്തുടര്‍ന്ന് പിടികൂടി. തിങ്കളാഴ്ച രാത്രി എട്ടിന് ഏറ്റുമാനൂര്‍ ശിവക്ഷേത്രത്തിന് മുന്നിലായിരുന്നും സംഭവം. ഇവിടെ പരിശോധനയ്ക്കായി നിന്ന ഉദ്യോഗസ്ഥന്‍ കൈ കാണിച്ചെങ്കിലും ബസ് നിര്‍ത്തിയില്ല.

അമിത വേഗതയിലായിരുന്ന ബസ് നിര്‍ത്താതെ പോവുകയായിരുന്നു. ഇതോടെ സ്‌ക്വാഡംഗങ്ങളായ ചിലര്‍ ബസിന്റെ പുറകെ തങ്ങളുടെ വാഹനത്തില്‍ പാഞ്ഞു. ഈ സമയത്ത് കല്ലടയുടെ തന്നെ മറ്റൊരു ബസ് ഇതേ റൂട്ടില്‍ വന്നു. ഇവര്‍ ഏറ്റുമാനൂരില്‍ ഉദ്യോഗസ്ഥരെ കണ്ടപ്പോള്‍ നിര്‍ത്തി.

ഇവര്‍ മുന്നില്‍ പോയ ബസിലെ ജീവനക്കാരെ ഫോണില്‍ ബന്ധപ്പെട്ട് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. അപ്പോഴേക്കും സ്‌ക്വാഡംഗങ്ങളും ബസിനടുത്തെത്തിയിരുന്നു. കോതനല്ലൂരിലാണ് ബസ് നിര്‍ത്തിയത്. അമിത വേഗതയിലായിരുന്ന ബസിനെ തിരികെ ഏറ്റുമാനൂരില്‍ എത്തിച്ച ശേഷമാണ് ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പിഴ ഈടാക്കിയത്.

അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനടക്കം വിവിധ കേസുകളിലായി ആറായിരം രൂപ പിഴ ഈടാക്കിയ ശേഷമാണ് ബസ് വിട്ടത്. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ വി.എം.ചാക്കോയുടെ നേതൃത്വത്തിലുള്ളതായിരുന്നു സ്‌ക്വാഡ്.

അതേസമയം, യാത്രക്കാരെ മര്‍ദിച്ച കേസുമായി ബന്ധപ്പെട്ട് കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നത് അടക്കമുള്ള വിഷയങ്ങളില്‍ തീരുമാനം എടുക്കാന്‍ തൃശൂര്‍ കളക്ടറേറ്റില്‍ റോഡ് ട്രാഫിക് അതോറിറ്റി ബോര്‍ഡ് ഇന്ന് യോഗം ചേരും. യാത്രക്കാര്‍ ആക്രമിക്കപ്പെട്ട കല്ലട ബസിന്റെ പെര്‍മിറ്റ് സസ്‌പെന്‍ഡ് ചെയ്യണമെന്നു കാണിച്ച് എറണാകുളം ആര്‍ടിഒ, ഇരിങ്ങാലക്കുട ജോയിന്റ് ആര്‍ടിഒയ്ക്കു കത്തു നല്‍കിയിരുന്നു.

എന്നാല്‍ ജോയിന്റ് ആര്‍ടിഒ തീരുമാനം ആര്‍ടിഎ ബോര്‍ഡിനു വിടുകയായിരുന്നു. ആര്‍ടിഎ ബോര്‍ഡ് തീരുമാനമെടുത്താല്‍ കോടതിയില്‍ കല്ലടയ്ക്ക് സ്റ്റേ നേടുക എളുപ്പമാവില്ല. കല്ലട ട്രാവല്‍സ് ഉടമ സുരേഷിനോടും യോഗത്തില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഏപ്രില്‍ 21നാണ് തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട ബസിലെ യാത്രക്കാരെ കല്ലട ബസിലെ ജീവനക്കാര്‍ മര്‍ദിച്ചത്. സംഭവം വിവാദമായതോടെ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ ഗതാഗത കമ്മീഷണര്‍ നിര്‍ദേശിക്കുകയായിരുന്നു. കേസില്‍ എറണാകുളം ആര്‍ടിഒ ബസ് ഉടമയെ അടക്കം വിളിച്ചു വരുത്തിയെങ്കിലും ബസ് രജിസ്റ്റര്‍ ചെയ്തത് ഇരിങ്ങാലക്കുട ആര്‍ടിഒയുടെ കീഴിലായതിനാല്‍ തുടര്‍ നടപടികള്‍ ഇരിങ്ങാലക്കുടയിലേക്ക് മാറ്റി.

ഇരിഞ്ഞാലക്കുട ആര്‍ടിഒ ആണ് കേസ് റോഡ് ട്രാഫിക് അതോറിറ്റിക്ക് കൈമാറിയത്. സ്വന്തം നിലയില്‍ തീരുമാനമെടുത്താല്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം റോഡ് ട്രാഫിക് അതോറിറ്റിക്ക് കൈമാറിയത്.