കേരളത്തിലേക്കെത്തിച്ച രാസവസ്തുക്കള്‍ കലര്‍ത്തിയ 1500 കിലോ പഴകിയ മത്സ്യം പിടികൂടി

single-img
25 June 2019

കായംകുളത്ത് 1500 കിലോയോളം വരുന്ന പഴകിയ മീന്‍ പിടിച്ചെടുത്തു. ആന്ധ്രയില്‍ നിന്നെത്തിച്ച മീന്‍ വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിച്ചെടുത്തത്. ഭക്ഷ്യ സുരക്ഷാ വകുപ്പും ഫിഷറീസ് വകുപ്പും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പഴകിയ മീന്‍ പിടിച്ചെടുത്തത്.

കായംകുളം മാര്‍ക്കറ്റില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറിയില്‍ നിന്ന് ദുര്‍ഗന്ധം വന്നതോടെ നാട്ടുകാരാണ് ഭക്ഷ്യസുരക്ഷ വകുപ്പിനെ വിവരം അറിയിച്ചത്. പിടിച്ചെടുത്ത മത്സ്യങ്ങളില്‍ ഫോര്‍മാലിന്റെ സാന്നിധ്യമുള്ളതായാണ് പ്രാഥമിക നിഗമനം. വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു.

മാവേലികര കൊള്ളുകടവില്‍ നിന്ന് 150 കിലോ പഴകിയ മത്തിയും പിടികൂടിയിട്ടുണ്ട്. പിടിച്ചെടുത്ത മീനുകള്‍ പരിശോധനയ്ക്കായി സാമ്പിളുകള്‍ എടുത്ത ശേഷം നശിപ്പിക്കും. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിച്ചു.