ഏറ്റവും ധനികരായ ഒരുശതമാനം ആളുകളുടെ കൈവശമുള്ളത് ഇന്ത്യയുടെ ആകെ സമ്പത്തിന്റെ 58.4 ശതമാനം; വര്‍ദ്ധിക്കുന്ന സാമ്പത്തിക അസമത്വത്തിന്‍റെ കണക്കുകള്‍ പുറത്ത്

single-img
25 June 2019

രാജ്യത്തെ ഏറ്റവും ധനികരായ ഒരുശതമാനം ആളുകളുടെ കൈവശം ഉള്ളത് ഇന്ത്യയുടെ ആകെ സമ്പത്തിന്റെ 58.4 ശതമാനമാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നു. കഴിഞ്ഞ ദിവസം ഓക്‌സ്ഫഡ് സര്‍വകലാശാല പ്രസ്സ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങാണ് തിങ്കളാഴ്ച പ്രകാശനം ചെയ്തത്. 2000 മുതല്‍2017 കാലയളവിനുള്ളില്‍ ഈ സാമ്പത്തിക അസമത്വത്തിന്റെ വളര്‍ച്ച ആറു മടങ്ങാണെന്ന കണ്ടെത്തലും റിപ്പോര്‍ട്ടിലുണ്ട്.

Doante to evartha to support Independent journalism

‘ഇന്ത്യ സോഷ്യല്‍ റിപ്പോര്‍ട്ട്: റൈസിങ് ഇനീക്വാലിറ്റീസ്’ എന്ന ക്യാപ്ഷനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയത് ഡല്‍ഹിയും ഹൈദരാബാദും ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഓഫ് സോഷ്യല്‍ ഡെവലപ്‌മെന്റ് (സിഎസ്ഡി) എന്ന ഗവേഷക സംഘടനയാണ്. ഇന്ത്യയിലെ ഏറ്റവും ധനികരായ 10 ശതമാനം ആളുകളുടെ കൈയിലാണ് രാജ്യത്തിന്റെ ആകെ സമ്പത്തിന്റെ 80.7 ശതമാനവുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇവരുടെ കൈവശം എണ്‍പതുകളില്‍ ഉണ്ടായിരുന്നത് കേവലം ആറു ശതമാനം മാത്രം സ്വത്താണെങ്കില്‍, 2015 ആയപ്പോഴേക്കും രാജ്യത്തെ സമ്പത്തിന്റെ 22 ശതമാനമായി അതു വര്‍ധിച്ചു. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ നിന്നു വ്യത്യസ്തമായി കാണേണ്ടതല്ല, സാമ്പത്തിക അസമത്വമെന്ന് മന്‍മോഹന്‍ സിങ് പറഞ്ഞു.
ലോകത്ത് തന്നെ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു സമ്പദ്‌വ്യവസ്ഥയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടുതന്നെയേ ദാരിദ്ര്യം കുറയ്ക്കാനുള്ള പരിഹാരം കണ്ടെത്താനാകൂവെന്നും അദ്ദേഹം പറഞ്ഞു.

വിദഗ്ദരായ സാമ്പത്തികവിദഗ്ധരും സാമൂഹിക ശാസ്ത്രജ്ഞരും തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ 22 അധ്യായങ്ങളാണുള്ളത്. പ്രമുഖരായ ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ മുന്‍ പ്രൊഫസര്‍ ഡി. നരസിംഹ റെഡ്ഢി, സി.എസ്.ഡി പ്രൊഫസര്‍ ടി ഹഖ് എന്നിവരാണ് റിപ്പോര്‍ട്ട് എഡിറ്റ് ചെയ്തിരിക്കുന്നത്. മേഖലാടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

റിപ്പോര്‍ട്ട് പ്രകാരം സാമ്പത്തിക അസമത്വം കുറവുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളമുണ്ട്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, സിക്കിം എന്നിവയാണ് കേരളത്തോടൊപ്പം ഇതില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്. എന്നാല്‍ ഗോവ, അസം, ബിഹാര്‍, ഛത്തീസ്ഗഢ്, ഒഡിഷ, യുപി സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ ഏറെ പിന്നിലാണ്.