കൊൽക്കത്തയിൽ “ജയ് ശ്രീറാം” മുഴക്കാൻ വിസമ്മതിച്ച മദ്രസാധ്യാപകനെ മർദ്ദിച്ച് ട്രെയിനിൽ നിന്നും തള്ളിത്താഴെയിട്ടു

single-img
25 June 2019

കൊൽക്കത്ത: ‘ജയ് ശ്രീറാം’ മുഴക്കാൻ വിസമ്മതിച്ച മദ്രസാധ്യാപകനെ മർദ്ദിച്ച ശേഷം ട്രെയിനിൽ നിന്നും തള്ളിത്താഴെയിട്ടു. പശ്ചിമബംഗാളിലെ ഹൂഗ്ലിക്കടുത്ത് വെച്ചാണ് 26 വയസുകാരനായ ഹഫീസ് മൊഹമ്മദ് സഹ്രൂഖ് ഹൽദർ എന്ന മദ്രസാധ്യാപകൻ ഹിന്ദുത്വ തീവ്രവാദികളാൽ ആക്രമിക്കപ്പെട്ടത്.

Doante to evartha to support Independent journalism

സൌത്ത് പർഗണാസ് ജില്ലയിലെ ബസന്തി സ്വദേശിയാണ് ഹഫീസ്. ക്യാനിംഗ് – സീൽദ ട്രെയിനിൽ (നം: 34531) വെച്ചാണ് ഹഫീസിന് ഈ ദുരനുഭവമുണ്ടായത്.

സൌത്ത് 24 പർഗണാസ് ജില്ലയിലെ ക്യാനിംഗിൽ നിന്നും കൊൽക്കത്തയ്ക്കടുത്തുള്ള ഹൂഗ്ലിയിലേയ്ക്ക് ട്രെയിനിൽ സഞ്ചരിക്കവേയായിരുന്നു ഹഫീസ് ആക്രമിക്കപ്പെട്ടത്. ട്രെയിനിലുണ്ടായിരുന്ന ഒരുകൂ‍ട്ടമാളുകൾ ‘ജയ് ശ്രീരാം’ മുഴക്കുന്നതിനിടയിൽ ഹഫീസിനോടും കൂടി അപ്രകാരം ചെയ്യുവാൻ ആവശ്യപ്പെടുകയായിരുന്നു.

“ഞാൻ വിസമ്മതിച്ചപ്പോൾ അവർ അവർ എന്നെ മർദ്ദിക്കുവാനാരംഭിച്ചു. ആരും എന്റെ രക്ഷയ്ക്കെത്തിയില്ല. ട്രെയിൻ അപ്പോൾ ധക്കുരിയയ്ക്കും പാർക്ക് സർക്കസ് സ്റ്റേഷനുമിടയിലായിരുന്നു. പാർക്ക് സർക്കസ് സ്റ്റേഷനെത്തിയപ്പോൾ അവർ എന്നെ ട്രെയിനിൽ നിന്നും തള്ളിയിട്ടു. അവിടെയുണ്ടായിരുന്ന ചിലരാണ് എന്നെ എഴുന്നേൽക്കാൻ സഹായിച്ചത്.”

ഹഫീസ് പറയുന്നു.

ഹഫീസിനു ചെറിയ പരിക്കുകൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹത്തെ ചിത്തരഞ്ജൻ ആശുപത്രിയിലെത്തിച്ചു ചികിത്സ നൽകിയെന്നും റെയിൽവേ പൊലീസ് അധികൃതർ അറിയിച്ചു. എന്നാൽ ട്രെയിനിൽ കയറുന്നതും ഇറങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിലേയ്ക്ക് വഴിവെച്ചതാകാമെന്നാണ് പൊലീസിന്റെ പക്ഷം. ചെറിയ പരിക്കുകൾ പറ്റിയ വേറെയും രണ്ടുമൂന്നുപേരുണ്ടായിരുന്നുവെന്നും അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ഹഫീസിന്റെ പരാതിയിന്മേൽ കണ്ടാലറിയാവുന്ന പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 323, 341, 506, 325, 34 എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.

Highlights: Bengal Muslim man attacked in train for refusing to chant Jai Shriram