വ്യോമാക്രമണം 90 സെക്കന്റിനുള്ളില്‍ പൂര്‍ത്തിയായി; ഭാര്യ പോലും അറിഞ്ഞില്ല; വ്യോമസേന പൈലറ്റിന്റെ വെളിപ്പെടുത്തല്‍

single-img
25 June 2019

പുല്‍വാമ ആക്രമണത്തിനു തിരിച്ചടിയായി പാക്കിസ്ഥാനിലെ ബാലക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണം 90 സെക്കന്റിനുള്ളില്‍ പൂര്‍ത്തിയായെന്ന് വെളിപ്പെടുത്തല്‍. ആക്രമണത്തില്‍ പങ്കെടുത്ത പൈലറ്റുമാരുടെ അടുത്ത കുടുംബാംഗങ്ങള്‍ക്ക് പോലും യാതൊരു സൂചനയും നല്‍കാതെ അതീവ രഹസ്യമായിട്ടാണ് ആക്രമണം നടത്തിയതെന്നും ദൗത്യത്തില്‍ പങ്കെടുത്ത രണ്ട് വ്യോമസേന പൈലറ്റുമാര്‍ പറഞ്ഞു.

Support Evartha to Save Independent journalism

ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബാലക്കോട്ട് മിഷനെ കുറിച്ച് ഇവര്‍ പ്രതികരിച്ചത്. ഭീകരക്യാംപുകള്‍ തകര്‍ത്ത് മടങ്ങാന്‍ വേണ്ടിവന്നത് 90 സെക്കന്റുകള്‍ മാത്രമാണ്. എന്നാല്‍ ദൗത്യം പ്ലാന്‍ ചെയ്യാനും ലക്ഷ്യത്തിലെത്താനും രണ്ടര മണിക്കൂര്‍ വേണ്ടിവന്നുവെന്നും ഇവര്‍ വ്യക്തമാക്കി.

സാറ്റലൈറ്റിന്റെ സഹായത്തോടെയാണ് ബോംബുകള്‍ പ്രയോഗിച്ചത്. സാറ്റലൈറ്റ് ഗൈഡഡ് ബോംബുകളായ സ്‌പൈസ് 2000 മിറാഷ് പോര്‍വിമാനങ്ങളില്‍ നിന്നാണ് തൊടുത്തത്. ഞങ്ങളുടെ കുടുംബങ്ങള്‍ക്ക് പോലും ദൗത്യത്തെ സംബന്ധിച്ച് ഒരു വിവരവും നല്‍കിയിരുന്നില്ല. ആക്രമണത്തില്‍ പങ്കെടുത്ത മിറാഷ് 2000 യുദ്ധവിമാനത്തിന്റെ പൈലറ്റ് പറഞ്ഞു.

അടുത്ത ദിവസം വാര്‍ത്ത കണ്ട എന്റ ഭാര്യ എന്നോട് ചോദിച്ചു, നിങ്ങള്‍ ഇതിന്റെ ഭാഗമായിരുന്നോ എന്ന്. ഞാന്‍ ഒന്നും പറയാതെ പെട്ടെന്ന് ഉറങ്ങുകയാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാക് സൈന്യത്തിന്റെ ശ്രദ്ധതിരിക്കുന്നതിന്റെ ഭാഗമായി ആക്രമത്തിന് മുമ്പ് നിയന്ത്രണ രേഖയില്‍ ഏറെ നേരം നിരീക്ഷണ പറക്കല്‍ നടത്തിയിരുന്നതായും മറ്റൊരു പൈലറ്റ് വെളിപ്പെടുത്തി.

ദൗത്യത്തിനു മുന്‍പ് മാനസിക പിരിമുറുക്കം കുറക്കാന്‍ പോലും ഞങ്ങള്‍ സമയം കണ്ടെത്തി. അന്നത്തെ ദൗത്യത്തിന് ക്രിസ്റ്റല്‍ മേസ് ആയുധങ്ങളാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ആ ദിവസം കാര്‍മേഘങ്ങള്‍ വിലങ്ങുതടിയായി. ഇതോടെയാണ് സ്‌പൈസ് 2000 ബോംബുകള്‍ ഉപയോഗിക്കേണ്ടി വന്നത്.

മിറാഷ് 2000 പോര്‍വിമാനങ്ങളില്‍ നിന്നാണ് സ്‌പൈസ് 2000 ബോംബുകള്‍ പ്രയോഗിക്കാന്‍ കഴിയുക. ആറു ബോംബുകളാണ് ലോഡ് ചെയ്തിരുന്നത്. ഇതില്‍ അഞ്ചു ബോംബുകളും പ്രയോഗിച്ചെന്നും പൈലറ്റ് വെളിപ്പെടുത്തി. ബോംബുകള്‍ വര്‍ഷിക്കാന്‍ വേണ്ടി വന്നത് 90 സെക്കന്‍ഡുകള്‍ മാത്രമാണ്.

ദൗത്യം വന്‍ വിജയമായിരുന്നു എന്നതിന് തെളിവായി ഡിജിറ്റല്‍ ഗ്ലോബ് കമ്പനി സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു. ആക്രമണങ്ങള്‍ നടന്ന സ്ഥലത്തിന്റെ കൃത്യമായ സാറ്റലൈറ്റ് ചിത്രങ്ങള്‍ വിവിധ മാധ്യമങ്ങളും പുറത്തുവിട്ടിരുന്നു. ഈ വ്യോമാക്രമണത്തിനു രഹസ്യ കോഡായി ഉപയോഗിക്കുന്നത് ഓപ്പറേഷന്‍ ‘ബന്ദര്‍’ എന്നാണ്. ഓപ്പറേഷന്റെ രഹസ്യസ്വഭാവം നിലനിര്‍ത്താന്‍ വേണ്ടിയാണ് കുരങ്ങന്‍ എന്ന് അര്‍ഥമുള്ള ബന്ദര്‍ എന്ന പേര് നല്‍കിയിരിക്കുന്നത്.

ഈ പേര് തിരഞ്ഞെടുക്കാന്‍ പ്രത്യേക കാരണം ഇല്ലെങ്കിലും രാമരാവണ യുദ്ധത്തിന്റെ ഭാഗമായ ഹനുമാന്റെ പേര് സേന ഓപ്പറേഷനു നല്‍കുകയായിരുന്നു. ചെറിയ സമയത്തിനിടയ്ക്ക് പതിവായി ചെയ്യുന്ന കാര്യമായി തോന്നാന്‍ വേണ്ടിയാണ് ഇത്തരമൊരു പേര് നല്‍കിയതെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന മറ്റൊരു വിശദീകരണം. ഫെബ്രുവരി 14ന് പുല്‍വാമയില്‍ ജയ്‌ഷെ മുഹമ്മദ് നടത്തിയ ആക്രമണത്തിനു പ്രതികാരമായാണ് ഇന്ത്യ പാക്കിസ്ഥാനെ ആക്രമിച്ചത്.