കാര്‍ട്ടൂണ്‍ വിവാദം; പുരസ്ക്കാരം പുനപരിശോധിക്കാമെന്ന് അക്കാദമി കത്ത് നല്‍കി: മന്ത്രി എകെ ബാലന്‍

single-img
25 June 2019

മതചിഹ്നങ്ങള്‍ ദുരുപയോഗിച്ചു എന്ന് ആരോപണം ഉയര്‍ന്ന കാര്‍ട്ടൂണ്‍ വിവാദത്തില്‍ ഒടുവില്‍ സംസ്ഥാന ലളിത കലാ അക്കാദമി നിലപാട് മയപ്പെടുതുന്നു. വിവാദം ഉയര്‍ന്ന സാഹചര്യത്തില്‍ അവാര്‍ഡ് പുനപരിശോധിക്കാമെന്ന് അക്കാദമി കത്ത് നല്‍കിയതായി മന്ത്രി എകെ ബാലന്‍ ഇന്ന് നിയമസഭയില്‍ പറഞ്ഞു.
ആദ്യം വിവാദം ഉണ്ടായപ്പോള്‍ ‘ഈ വിവാദം ആവിഷ്‌കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടല്ലെന്നും പുരസ്‌കാരം റദ്ദാക്കിയിട്ടുമില്ല. പുനപരിശോധിക്കാനാ’ണ് ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Support Evartha to Save Independent journalism

ഹാസ്യ കൈരളിയില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണിനു ലളിത കലാ അക്കാദമി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച മികച്ച കാര്‍ട്ടൂണിനുള്ള അവാര്‍ഡിനെതിരെ ക്രൈസ്തവ സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. ലൈംഗിക പീഡന കേസില്‍ വിചാരണ നേരിടുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കേന്ദ്ര കഥാപാത്രമായ കാര്‍ട്ടൂണില്‍ ക്രിസ്തീയ മത ചിഹ്നങ്ങളും ഉപയോഗിച്ചിരുന്നു.

വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് അവാര്‍ഡ് നല്‍കിയത് പുനപരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍, പുരസ്‌കാരം പിന്‍വലിക്കില്ലെന്നായിരുന്നു അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് വ്യക്തമാക്കിയത്. ഈ തീരുമാനത്തിനാണ് ഇപ്പോള്‍ അയവ് വന്നിരിക്കുന്നത്.