കേന്ദ്ര സര്‍ക്കാരിന്റെ ‘നവ ഇന്ത്യ’യിൽ മനുഷ്യൻ മനുഷ്യന് ശത്രു; പഴയ ഇന്ത്യ ഞങ്ങൾക്ക് തിരിച്ചു തരൂ; രാജ്യസഭയിൽ ഗുലാം നബി ആസാദ്

single-img
24 June 2019

ജാർഖണ്ഡിൽ കഴിഞ്ഞ ദിവസം മുസ്ലിം യുവാവിനെ 18 മണിക്കൂറോളം മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യസഭയിൽ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം. കേന്ദ്ര സർക്കാർ തങ്ങളുടെ ‘നവ ഇന്ത്യ’യെ കയ്യില്‍ത്തന്നെ വെക്കണമെന്നും പഴയ ഇന്ത്യയെ തങ്ങൾക്ക് തിരിച്ചു തരണമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ് ആവശ്യപ്പെട്ടു.

“ഞങ്ങളുടെ പഴയ ഇന്ത്യയിൽ ശത്രുതയും വിദ്വേഷവും വെറുപ്പും ആൾക്കൂട്ടക്കൊലകളും ഉണ്ടായിരുന്നില്ല. ഇപ്പോഴുള്ള ‘നവ ഇന്ത്യ’യിൽ മനുഷ്യൻ മനുഷ്യന് ശത്രുവാണ്. ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലിമും സമാധാനപരമായി ജീവിച്ചിരുന്ന, പരസ്പരം ജീവൻ വരെ നൽകാൻ തയ്യാറായിരുന്ന ആ പഴയ ഇന്ത്യ ഞങ്ങൾക്ക് തിരിച്ചു തരൂ,” -ഗുലാം നബി ആസാദ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി തുടര്‍ച്ചയായി ഉപയോഗിക്കുന്ന ‘നവ ഇന്ത്യ’ എന്ന പ്രയോഗത്തെ സൂചിപ്പിച്ച് വിമർശനമുന്നയിക്കുകയായിരുന്നു ആസാദ്. ജാർഖണ്ഡ് സംസ്ഥാനം ആൾക്കൂട്ടക്കൊലയുടെയും അക്രമത്തിന്റെയും ഫാക്ടറിയായി മാറിയിരിക്കുകയാണെന്ന് ആസാദ് തന്റെ സംഭാഷണത്തില്‍ ആരോപിച്ചു. ഓരോ ആഴ്ചയിലും ദളിതരുടെയും മുസ്ലിങ്ങളുടെയും കൊലപാതക വാർത്തകളാണ് സംസ്ഥാനത്തു നിന്നും കേൾക്കുന്നത്.

പ്രധാനമന്ത്രി പറയുന്നതു പോലെ എല്ലാവരുടെയും വികസനത്തിനായി നിലകൊള്ളാൻ തങ്ങൾ തയ്യാറാണെന്നും എന്നാൽ അത് എവിടെയും കാണുന്നില്ലെന്നും ആസാദ് കുറ്റപ്പെടുത്തി. അതേപോലെ തമിഴ്നാട്ടിലെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും തമിഴ് ഔദ്യോഗിക ഭാഷയാക്കണമെന്ന ആവശ്യവും ലോക്സഭയിൽ ഉന്നയിക്കപ്പെട്ടു. ഡിഎംകെയുടെ എംപി ടിആർ ബാലുവാണ് ഈ ആവശ്യം ഉന്നയിച്ചത്.