കശ്മീരിലേയ്ക്ക് പെർമിറ്റില്ലാതെ എല്ലാവർക്കും പോകാൻ കഴിയുന്നത് ശ്യാമപ്രസാദ് മുഖർജി ജീവൻ ബലി നൽകിയതിനാലെന്ന് അമിത് ഷാ

single-img
24 June 2019

മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് പെർമിറ്റില്ലാതെ ജമ്മു കശ്മീരിലേയ്ക്ക് പോകാൻ കഴിയുന്ന സാഹചര്യമുണ്ടാക്കുന്നതിനായി ജീവൻ ബലിനൽകിയയാളാണ്
ശ്യാമപ്രസാദ് മുഖർജിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജനസംഘത്തിന്റെ സ്ഥാപകനേതാവായ ശ്യാമപ്രസാദ് മുഖർജിയുടെ ചരമവാർഷികത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഷാ.

പശ്ചിമബംഗാൾ ഇന്ത്യയുടെ ഭാഗമായത് ശ്യാമപ്രസാദ് മുഖർജിയുടെ ശ്രമഫലമായാണെന്നും ജമ്മു കശ്മീർ പൂർണ്ണമായും ഇന്ത്യയുടെ ഭാഗമാക്കാൻ വേണ്ടി മുഖർജി നടത്തിയ പ്രക്ഷോഭമാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ദേശീയ സമരമെന്നും അമിത് ഷാ അവകാശപ്പെട്ടു.

ജമ്മു കശ്മീരിൽ യാത്രാ പെർമിറ്റ് സംവിധാനം നിർത്തലാക്കിയത് ശ്യാമപ്രസാദ് മുഖർജിയുടെ പ്രക്ഷോഭം മൂലമാണെന്ന് ചടങ്ങിൽ സംബന്ധിച്ച ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദയും അവകാശപ്പെട്ടു ശ്യാമപ്രസാദ് മുഖർജിയുടെ കസ്റ്റഡി മരണത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യത്തെ ജവഹർ ലാൽ നെഹ്രു നിരാകരിച്ചു എന്നും നദ്ദ ആരോപിച്ചു.

1953-ൽ പെർമിറ്റില്ലാതെ ശ്രീനഗറിൽ പ്രവേശിച്ചതിനായിരുന്നു ശ്യാമപ്രസാദ് മുഖർജി അറസ്റ്റ് ചെയ്യപ്പെട്ടത്. കസ്റ്റഡിയിലായിരിക്കുമ്പോൾ ശ്വാസകോശാവരണത്തിന് അണുബാധയുണ്ടാകുന്ന രോഗം മൂർച്ഛിക്കുകയും തുടർന്ന് ഹൃദയാഘാതമുണ്ടാകുകയും ചെയ്തതിനെത്തുടർന്നായിരുന്നു ശ്യാമപ്രസാദ് മുഖർജി അന്തരിച്ചത്. എന്നാൽ മുഖർജിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് സംഘപരിവാർ അന്നുമുതലേ ആരോപിക്കുന്നത്. അതുകൊണ്ടുതന്നെ ശ്യാമപ്രസാദ് മുഖർജിയെ ബലിദാനിയായിട്ടാണ് ബിജെപിയും സംഘപരിവാറും കണക്കാക്കുന്നത്.