കേന്ദ്രസർക്കാരുമായി അഭിപ്രായ വ്യത്യാസം: റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ രാജിവെച്ചു

single-img
24 June 2019
വിരൾ ആചാര്യ

കേന്ദ്രസർക്കാരുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് റിസർവ്വ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ വിരൾ ആചാര്യ രാജിവെച്ചു. കാലാവധി തീരാൻ ആറു മാസം ശേഷിക്കെ ആണ് വിരൾ ആചാര്യയുടെ രാജി.

സാമ്പത്തിക ഉദാരവൽക്കരണാനന്തര കാലത്തെ ഏറ്റവും പ്രായം കുറഞ്ഞ ഏറ്റവും പ്രായം കുറഞ്ഞ ഡെപ്യൂട്ടി ഗവർണർ ആയിരുന്നു വിരൾ ആചാര്യ.

റിസർവ് ബാങ്കിന്റെ സ്വയംഭരണ അവകാശത്തിൻമേൽ കൈകടത്താൻ സർക്കാരിനെ അനുവദിക്കില്ലെന്ന് ഇക്കഴിഞ്ഞ ഒക്ടോബറിൽ ആചാര്യ വ്യക്തമാക്കിയിരുന്നു. ചില ബാങ്കുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കാൻ കേന്ദ്ര സർക്കാർ ഇടപെട്ടതോടെയായിരുന്നു അദ്ദേഹം തുറന്നടിച്ചത്. ഊർജിത് പട്ടേൽ രാജി വച്ചതിന് പിന്നാലെ വിരൾ ആചാര്യയും സ്ഥാനമൊഴിയുമെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നുവെങ്കിലും ആർബിഐ അത് തള്ളിയിരുന്നു.

കടത്തിലെ നഷ്ടസാധ്യത കണക്കാക്കുന്നതിൽ വിദഗ്ദ്ധനായ വിരൾ ആചാര്യ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പ്രഖ്യാപിച്ച ധനനയത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നതായി റിസർവ്വ് ബാങ്കിന്റെ മിനിട്സിൽ രേഖയുണ്ട്. റിപ്പോ നിരക്ക് കുറയ്ക്കാനുള്ള തീരുമാനത്തെയായിരുന്നു അദ്ദേഹം എതിർത്തത്.

ന്യൂയോർക്കിലെ സ്റ്റേൺ സ്കൂൾ ഓഫ് ബിസിനസിൽ അധ്യാപകനായിരിക്കെയാണ് വിരാൽ ആചാര്യ ആർബിഐയിൽ എത്തിയത്. 2020 ജനുവരി 20 വരെയായിരുന്നു കാലാവധി. ന്യൂയോർക്കിൽ അധ്യാപന മേഖലയിലേക്കു തന്നെ ആചാര്യ മടങ്ങുമെന്നാണു റിപ്പോർട്ടുകൾ.