പാക് സൈനിക ആശുപത്രിയിലെ സ്ഫോടനം: മസൂദ് അസ്ഹർ കൊല്ലപ്പെട്ടെന്നും അഭ്യൂഹം: ഒന്നും മിണ്ടാതെ പാക് മാധ്യമങ്ങളും

single-img
24 June 2019

റാവൽപിണ്ടി സൈനിക ആശുപത്രിയിലെ സ്‌ഫോടനത്തിൽ ഐക്യരാഷ്ട്ര സംഘടന കരിമ്പട്ടികയിൽ പെടുത്തിയിരിക്കുന്ന പാക് ഭീകരൻ മസൂദ് അസ്ഹർ കൊല്ലപ്പെട്ടെന്നും അഭയുഹങ്ങൾ പ്രചരിക്കുന്നു. സംഭവത്തിൽ മസൂദിന് ഉൾപ്പെടെ 10 പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. സംഭവമുണ്ടായ പ്രദേശത്ത് നിന്നും മാദ്ധ്യമങ്ങളെ സൈന്യം നിർബന്ധിച്ച് ഒഴിവാക്കിയെന്നും പാകിസ്ഥാനിലെ മനുഷ്യാവകാശ പ്രവർത്തകൻ അഹ്സനുള്ള മിയാഖൈൽ വ്യക്തമാക്കിയിരുന്നു.

സംഭവത്തിൽ മസൂദ് അസർ കൊല്ലപ്പെട്ടോ എന്ന സംശയവും ചിലർ ഉന്നയിച്ചിട്ടുണ്ട്. സംഭവത്തിൽ പാക് അധികൃതർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഞായറാഴ്‌ച വൈകുന്നേരത്തോടെയാണ് റാവൽപിണ്ടിയിലെ സൈനിക ആശുപത്രിയിൽ വൻ സ്‌ഫോടനമുണ്ടായത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിൽ പ്രചരിച്ചെങ്കിലും പാക് മാദ്ധ്യമങ്ങൾ ഇക്കാര്യം അറിഞ്ഞതായി ഭാവിച്ചില്ലെന്നുള്ളതും ദുരൂഹത വർദ്ധിപ്പിക്കുന്നു.

സംഭവത്തിന് പിന്നാലെ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസർ ഉൾപ്പെടെ 10 പേരെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയതായും അസർ കൊല്ലപ്പെട്ടതായും വാർത്തകൾ പരന്നു. സ്‌ഫോടനത്തിന് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും ആശുപത്രിക്ക് നേരെ ആക്രമണമുണ്ടായതാണെന്നും ചിലർ ട്വിറ്ററിലൂടെ സംശയം ഉന്നയിച്ചിരുന്നു.