യുപിയിലെ എല്ലാ ഡിസിസികളും പിരിച്ചു വിടാൻ പ്രിയങ്കാ ഗാന്ധി നിർദ്ദേശം നൽകി

single-img
24 June 2019

ഉത്തര്‍പ്രദേശിലെ എല്ലാ ഡിസിസികളും പിരിച്ചു വിടാൻ കോണ്‍ഗ്രസ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് കിഴക്കൻ ഉത്തർപ്രദേശിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. ദേശീയ തലത്തില്‍ തന്നെ പാര്‍ട്ടിക്ക് നേതൃത്വമില്ലാത്ത പശ്ചാത്തലത്തിൽ പാർട്ടി നേരിടുന്ന കടുത്ത പ്രതിസന്ധി ചർച്ച ചെയ്യാൻ അടുത്തയാഴ്ച കോൺഗ്രസ് പ്രവർത്തക സമിതി ചേർന്നേക്കും.

Support Evartha to Save Independent journalism

അടുത്ത്തന്നെ 11 നിയമസഭാ സീറ്റുകളിലേക്ക് യുപിയില്‍ ഉപതെരഞ്ഞെടുപ്പുകൾ നടക്കാൻ പോവുകയാണ്. നിലവിലെ എംഎൽഎമാർ ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിച്ച് ജയിച്ച മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പുകൾ നടക്കുക. ഇവിടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ രണ്ടംഗങ്ങൾ വീതമുള്ള സമിതിയെയും നിയോഗിച്ചിട്ടുണ്ട്. പൊതു തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഏതൊക്കെ തലങ്ങളിലാണ് വീഴ്ചയുണ്ടായത് എന്ന് വിശദമായി വിലയിരുത്താനാണ് കോൺഗ്രസ് ഒരുങ്ങുന്നത്.

ഇതിനായി അജയ് കുമാർ ലല്ലുവിനെയാണ് യുപിയിൽ പാർട്ടി പുനഃസംഘടനയ്ക്കായി നിയോഗിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ യുപി നിയമസഭാ കക്ഷിനേതാവാണ് അജയ് കുമാർ ലല്ലു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഗുരുതരമായ അച്ചടക്കലംഘനമുണ്ടായെന്ന എല്ലാ പരാതികളും പരിഗണിക്കാൻ ഒരു മൂന്നംഗസമിതിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

മുതിര്‍ന്നവരെ മാറ്റി പുതിയ സമിതികൾ രൂപീകരിക്കണമെന്ന പദ്ധതിയാണ് പ്രിയങ്കാ ഗാന്ധി മുന്നോട്ടു വയ്ക്കുന്നത്. ഈ ജില്ലാ സമിതികളിൽ 50 ശതമാനം പേരും 40 വയസ്സിൽ താഴെയുള്ളവരായിരിക്കണമെന്നാണ് പ്രിയങ്ക നൽകിയ ഒരു നിർദേശം. അതോടൊപ്പം 33 ശതമാനം വനിതാ സംവരണവും ഉറപ്പാക്കണമെന്നും പ്രിയങ്ക നിർദേശം നൽകിയിട്ടുണ്ട്.