അഖിലേഷ് യാദവ് മുസ്ലിം വിരുദ്ധൻ; തെരഞ്ഞെടുപ്പിൽ മുസ്ലീങ്ങൾക്കു സീറ്റു കൊടുക്കരുതെന്ന് ആവശ്യപ്പെട്ടു: മായാവതി

single-img
24 June 2019

സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെതിരെ ബിഎസ്പി നേതാവ് മായാവതി രംഗത്ത്. അഖിലേഷ് യാദവ് മുസ്ലിം  വിരുദ്ധനാണെന്നു വ്യക്തമാക്കിയാണ് മായാവതി രംഗത്തെത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിംകള്‍ക്കു ടിക്കറ്റ് നല്‍കരുതെന്ന് അഖിലേഷ് തന്നോടു പറഞ്ഞിരുന്നതായി മായാവതി ആരോപിച്ചു.

ലക്‌നൗവില്‍ പാര്‍ട്ടി യോഗത്തിലാണ് മായാവതിയുടെ ആരോപണം. മുസ്ലിംകള്‍ക്കു ടിക്കറ്റ് നല്‍കരുതെന്ന് അഖിലേഷ് ആവശ്യപ്പെട്ടു. മുസ്ലിംകളെ സ്ഥാനാര്‍ഥികളാക്കിയാല്‍ മത ധ്രുവീകരണമുണ്ടാവും എന്നായിരുന്നു വാദം. എന്നാല്‍ താന്‍ അത് അനുസരിച്ചില്ലെന്ന് മായാവതി പറഞ്ഞു.

അഖിലേഷ് മുഖ്യമന്ത്രിയായ സമയത്ത് യാദവര്‍ അല്ലാത്തവരോടും ദലിതരോടും അനീതിയാണ് പ്രവര്‍ത്തിച്ചത്. അതുകൊണ്ടാണ് ഈ വിഭാഗങ്ങള്‍ എസ്പിക്കു വോട്ടു ചെയ്യാതിരുന്നത്. ദലിതുകള്‍ക്കു പ്രമോഷന്‍ നല്‍കുന്നതിനെ എസ്പി എതിര്‍ത്തിരുന്നതായും മായാവതി പറഞ്ഞു.

വോട്ടെണ്ണല്‍ ദിവസം താന്‍ അഖിലേഷിനെ വിളിച്ചിരുന്നതായും എന്നാല്‍ എസ്പി നേതാവ് ഫോണ്‍ എടുത്തില്ലെന്നും മായാവതി പറഞ്ഞു. ബിഎസ്പിക്കാര്‍ അവര്‍ക്ക് വോട്ടു ചെയ്തില്ലെങ്കില്‍ അത് തന്നോടു പറയുകയല്ലേ വേണ്ടത്? നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മത്സരിക്കുമെന്ന് താന്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ബിഎസ്പി നേതാവ് സതീഷ് മിശ്രയെ വിളിക്കുകയാണ് അഖിലേഷ് ചെയ്തത്. ഇതുവരെ തന്നെ വിളിച്ചിട്ടില്ലെന്നും മായാവതി പറഞ്ഞു.