അഡ്വക്കേറ്റ് ശ്രീജിത്തിനെ അറിയാം, ബിനോയ് എവിടെയാണെന്ന് പോലീസ് കണ്ടെത്തട്ടെ: കോടിയേരി ബാലകൃഷ്ണന്‍

single-img
24 June 2019

ബിനോയ്‌ കൊടിയെരിയുമായി ബന്ധപ്പെട്ട ലൈംഗിക പീഡന ആരോപണത്തില്‍ നിര്‍ണ്ണായക വെളിപ്പെടുത്തല്‍ നടത്തിയ അഡ്വക്കേറ്റ് ശ്രീജിത്തിനെ അറിയാമെന്ന് സ്ഥിരീകരിച്ച് കോടിയേരി ബാലകൃഷ്ണൻ. ശ്രീജിത്തുമായി കേസിന്‍റെ കാര്യങ്ങൾ താനും ഭാര്യയും സംസാരിച്ചിരുന്നുവെന്ന് കോടിയേരി ഇന്ന് നടത്തിയ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. തുടര്‍ന്ന് തനിക്ക് പറയാന്‍ ഉള്ളത് പാര്‍ട്ടിയുടെ സംസ്ഥാന സമിതിയിൽ വിശദീകരിച്ചിട്ടുണ്ടെന്ന് അറിയിച്ചു.

കേസിന്റെ കാര്യങ്ങള്‍ അഡ്വക്കേറ്റ് ശ്രീജിത്തുമായി വിനോദിനി സംസാരിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച കോടിയേരി അമ്മയെന്ന നിലയിലാണ് വിനോദിനി സംസാരിച്ചത് എന്നാണ് വിശദീകരിച്ചത്. കേസുമായി മുന്നോട്ട് പോയാല്‍ എന്താണ് സംഭവിക്കുക എന്ന് ചോദിച്ചറിയുകയായിരുന്നു വിനോദിനിയുടെ ലക്ഷ്യം. ജനുവരിയില്‍ ആദ്യമായി ഈ കേസ് തുടങ്ങിയപ്പോള്‍ ബിനോയ് എല്ലാം നിഷേധിച്ചുവെന്ന് പറഞ്ഞ കോടിയേരി രേഖകൾ വ്യാജമാണെന്നാണ് ബിനോയ് പറഞ്ഞതെന്നും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മാത്രമല്ല ഇപ്പോള്‍ ബിനോയ് എവിടെയാണെന്ന് പോലീസ് കണ്ടെത്തട്ടെയെന്ന നിലപാട് ആവർത്തിച്ച കോടിയേരി ഇക്കാര്യം നിങ്ങൾക്കും അന്വേഷിക്കാമെന്ന് മാധ്യമപ്രവർത്തകരോടും പറ‍ഞ്ഞു.

തന്റെ മകൻ ദുബായിയിൽ കെട്ടിട നിർമ്മാണ ബിസിനസ് നടത്തുകയായിരുന്നുവെന്നും, പിന്നീട് കടം വന്നപ്പോഴാണ് വിവാദമുണ്ടായതെന്നും പറഞ്ഞ കോടിയേരി. കോടികൾ കൊടുക്കാനുണ്ടായിരുന്നെങ്കിൽ ഈ കേസ് തന്നെ ഉണ്ടാകില്ലായിരുന്നുവെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു.