പാർട്ടിയോടും ജനങ്ങളോടും കള്ളം പറഞ്ഞ കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറി സ്ഥാനം രാജിവെച്ചൊഴിയണം: വി എം സുധീരന്‍

single-img
24 June 2019

മകന്‍ ബിനോയ് കോടിയേരിക്കെതിരേ ഉയര്‍ന്ന ലൈംഗിക പീഡന പരാതിയെക്കുറിച്ച് പാർട്ടിയോടും ജനങ്ങളോടും കള്ളം പറഞ്ഞ കോടിയേരി ബാലകൃഷ്ണൻ സിപിഎം സെക്രട്ടറി സ്ഥാനം രാജിവച്ചൊഴിയണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. അദ്ദേഹത്തിന് സിപിഎം സെക്രട്ടറി സ്ഥാനത്ത് തുടരുന്നതിന് ധാർമികമായിട്ടുള്ള അർഹത നഷ്ടപ്പെട്ടിരിക്കുകയാണെന്നും ഈ സാഹചര്യത്തിൽ കോടിയേരി പാർട്ടി സെക്രട്ടറി സ്ഥാനം രാജിവച്ചൊഴിയണമെന്നും വി എം സുധീരൻ വ്യക്തമാക്കി.

മകൻ ബിനോയ് കോടിയേരിക്കെതിരെ ആദ്യം ലൈംഗിക പീഡന പരാതി വന്നപ്പോള്‍ അറിയില്ലെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്‍റെ വാദം. പിന്നീട് ബിനോയിയും അമ്മ വിനോദിനിയും യുവതിയുമായി ചർച്ച നടത്തിയത് മുംബൈയിലെ തന്‍റെ ഓഫീസിൽ വച്ചാണെന്ന് മധ്യസ്ഥ ചർച്ച നടത്തിയ അഭിഭാഷകൻ കെ പി ശ്രീജിത്ത് വെളിപ്പെടുത്തിയതോടെ പ്രസ്തുത പരാതിയെക്കുറിച്ച് കോടിയേരിക്ക് നേരത്തെ തന്നെ അറിവുണ്ടായിരുന്നുവെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

അതേസമയം മകന് എതിരെ ഉയർന്ന ആരോപണത്തിൽ കോടിയേരി ബാലകൃഷ്ണൻ പാർട്ടി നേതൃത്വത്തോട് രാജി സന്നദ്ധത പ്രകടിപ്പിച്ചതായുള്ള പ്രചാരണം നാടകം ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ ആരോപിച്ചിരുന്നു. കോടിയേരിയുടെ മുഖം രക്ഷിക്കാനുള്ള ശ്രമമാണ് പാർട്ടി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.