നിങ്ങൾ എൻ്റെ വീട്ടിൽ നിന്നും മോഷ്ടിച്ച 42 ഇഞ്ച് ടെലിവിഷൻ, ഡിജിറ്റൽ ക്യാമറ, സൗണ്ട് ബോക്സ്, സ്പീക്കർ, മെമ്മറി കാർഡ്… എല്ലാം എടുത്തോളൂ, പക്ഷേ എൻ്റെ ലാപ്ടോപ് തിരിച്ചുതരണം; അത് ജീവിതമാണ്: കള്ളനോട് കാരുണ്യമഭ്യർത്ഥിച്ച് അധ്യാപിക

single-img
24 June 2019

മോഷ്ടിച്ചുകൊണ്ടുപോയ തന്റെ ലാപ്‌ടോപ് തിരികെ തരാന്‍ കള്ളനോട് അപേക്ഷിച്ച് ഗവേഷകവിദ്യാർത്ഥികൂടിയായ അധ്യാപിക. അത് തിരിച്ചു തന്നില്ലെങ്കില്‍ ഗവേഷക വിദ്യാര്‍ത്ഥിയായ തന്റെ പഠനത്തെയാണ് ബാധിക്കുകയെന്നും ജിഷ പല്ലിയത്ത് എന്ന അധ്യാപിക തന്റെ ഫേസ്ബുക്കിലൂടെ മോഷ്ടാവിനോട് കാരുണ്യമഭ്യർത്ഥിക്കുന്നു.

വീട്ടില്‍ കഴിഞ്ഞ ദിവസം നടന്ന മോഷണത്തിൽ 42 ഇഞ്ച്  സാംസങ് എല്‍സിഡി ടിവി, പാനസോണിക് സൗണ്ട് ബോക്‌സ്, സ്പീക്കര്‍, കനോണ്‍ ഡിജിറ്റല്‍ ക്യാമറ,മെമ്മറി കാര്‍ഡ്,കാര്‍ഡ് റീഡര്‍,നെറ്റ് സെറ്റര്‍ ഇവയൊക്കെയാണ് നഷ്ടപ്പെട്ടതെന്നും എന്നാൽ മറ്റു സാധനങ്ങൾ കിട്ടിയില്ലെങ്കിലും ലാപ്ടോപ് തനിക്കു തരാൻ മനസ്സുണ്ടാകണമെന്നും അവർ കുറിപ്പിലൂടെ ആവശ്യപ്പെടുന്നുണ്ട്.

ജിഷയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ചില സങ്കടങ്ങൾ പറഞ്ഞറിയിക്കാൻ വയ്യ… വെള്ളിയാഴ്ച്ച സ്ക്കൂൾ വിട്ട് മാടായിയിൽ നിന്ന് തിരിച്ചെത്തിയപ്പോൾ കണ്ട കാഴ്ച്ചകളാണ് ഇത്..

ഈ വീട്ടിലെ ആൾതാമസത്തിന് എന്നോളം പ്രായമുണ്ട്.. ഈ മുപ്പത് വർഷത്തിനിടയിൽ അച്ഛാച്ഛന്റെ മരണശേഷം 2011 തൊട്ട് അമ്മ അമ്മമ്മ ഞാൻ എന്നിങ്ങനെ മൂന്ന് സ്ത്രീകൾ മാത്രം താമസിച്ചു വരുന്ന വീടാണിത്..

ഈ കാലയളവിനുളളിൽ ഒരിക്കലും ഇതുപോലൊരു ദുരനുഭവം ഉണ്ടായിട്ടില്ല.. അത്ര വിശ്വാസമുള്ള എന്റെ നാടാണിത്.. നാട്ടുകാരാണ്. ഇങ്ങനെയൊരു ഹീനകൃത്യത്തിന് മുതിർന്നതിന് എന്റെ നാട്ടുകാരുടെ പങ്കുണ്ടെന്ന് കരുതാൻ വയ്യ.. ഇത് ആര് ചെയ്തതായാലും അവരെ കള്ളനെന്ന് അഭിസംബോധന ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

ഏതെങ്കിലും തരത്തിലുളള സമ്മർദ്ധങ്ങളായിരിക്കും  ഇത്തരത്തിലുള്ള ഹീനകൃത്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത്… താങ്കൾ ചെയ്ത പ്രവൃത്തിയോട്, വരുത്തി വെച്ച നാശനഷ്ടങ്ങളോട് ഞങ്ങൾക്ക് ക്ഷമിക്കാവുന്നതേയുള്ളു..

വിത്തമെന്തിന് മനുഷ്യന് വിദ്യ കൈവശമാവുകിൽ.. എന്ന ഉള്ളൂരിന്റെ വരികൾ 10 A ക്ലാസിലെ കുട്ടികൾക്ക് പറഞ്ഞു കൊടുത്തിട്ടാണ് നാട്ടിലേക്ക്

വണ്ടി കയറിയത്..

നിങ്ങൾ കൊണ്ടുപോയ 42 inch Samsang LCD TV, panaSonic Sound box, Speaker, Canon Digital camera, Memory card, card reader , Net Setter.. അതൊക്കെ അവിടെ ഇരിക്കട്ടെ..

അതിന്റെ കൂടെ നിങ്ങൾ എന്റെ ഒരു Lenovo [Serial No.SPF09R3SE. mechine Type:G4080] ലാപ്പ്ടോപ്പ് കൂടി കൊണ്ടു പോയിട്ടുണ്ട്.. സുഹൃത്തേ അതെനിക്ക് തിരിച്ച് തരിക… നിങ്ങളെ ഈ പ്രവൃത്തി ചെയ്യാൻ പ്രേരിപ്പിച്ചത് ജീവിതപ്രശ്നങ്ങൾ ആണെങ്കിൽ ആ ലാപ്പ് തിരിച്ചു കിട്ടിയില്ലെങ്കിൽ ബാധിക്കുന്നത് ഒരു ഗവേഷക വിദ്യാർത്ഥി കൂടിയായ എന്റെ പഠനത്തെ ആണ്.. താങ്കൾ ഏതെങ്കിലും കോണിലിരുന്ന് ഈ കുറിപ്പ് വായിക്കുന്നെങ്കിൽ ദയവ് ചെയ്ത് ആ ലാപ്പ് എനിക്ക് തിരിച്ച് തരിക..

അല്ലെങ്കിൽ തിരിച്ച് കിട്ടും വിധം അത് എവിടെയെങ്കിലും തിരിച്ച് വെക്കുക. കരുണ കാണിക്കുക.. ഈയൊരു വിഷയത്തിൽ താങ്കളെ ഒരു കുറ്റവാളിയായി സമൂഹത്തിന് മുന്നിൽ നിർത്താൻ താത്പര്യമില്ല.. അല്ലാത്ത പക്ഷം തിരിച്ചു കിട്ടും വരെ നിയമപ്രകാരം സാധ്യമായ എല്ലാ നടപടികളും ഞങ്ങൾ സ്വീകരിക്കുന്നതായിരിക്കും.